പാമ്പാടി സബ്സ്റ്റേഷന്‍െറ പ്രയോജനം 45,000 ഉപഭോക്താക്കള്‍ക്കുകൂടി

കോട്ടയം: പാമ്പാടി വൈദ്യുതി സബ്സ്റ്റേഷന്‍െറ പ്രയോജനം ഇനി 10 പഞ്ചായത്തുകളിലുള്ള 45,000 ഉപഭോക്താക്കള്‍ക്ക് കൂടി. 66 കെ.വിയില്‍നിന്ന് 110 കെ.വിയായി ഉയര്‍ത്തിയ പാമ്പാടി സബ്സ്റ്റേഷന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പാമ്പാടി, മീനടം, പുതുപ്പള്ളി, കൂരോപ്പട, കങ്ങഴ, വാഴൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, നെടുംകുന്നം, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ ഇനി തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. 566 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി 415.18 ലക്ഷം രൂപക്ക് പൂര്‍ത്തിയാക്കാനായത് സബ്സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ജാഗ്രതയും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് ലഭിച്ചത്. കൃത്യനിര്‍വഹണം മാതൃകാപരമായി നടത്തിയ എക്സി. എന്‍ജിനീയര്‍ ഇ.കെ. രാധാകൃഷ്ണന്‍, അസി. എക്സി. എന്‍ജിനീയര്‍മാരായ വി.സി. ജമിലി, ജേക്കബ് കെ. ഈപ്പന്‍ അസി. എന്‍ജിനീയര്‍മാരായ വിപിന്‍ കോര വര്‍ഗീസ്, പുന്നന്‍ ഇട്ടി, സി.എസ്. മാമ്മന്‍, എസ്. സതീഷ്ബാബു എന്നിവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി തെക്കന്‍ മേഖല ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ടി.ആര്‍. ഭുവനേന്ദ്ര പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപറേഷന്‍സ് ഡയറക്ടര്‍ പി. വിജയകുമാരി സ്വാഗതവും എക്സി. എന്‍ജിനീയര്‍ ഇ.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.