ഏറ്റുമാനൂരില്‍ ഇന്ന് പള്ളിവേട്ട, നാളെ ആറാട്ട്

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തില്‍ ബുധനാഴ്ച പള്ളിവേട്ട. വ്യാഴാഴ്ച ആറാട്ടോടെ 10 ദിവസം നീണ്ട ഉത്സവത്തിന് പരിസമാപ്തിയാകും. സ്വരലയ സംഗീത കലൈമാമണി നാഷനല്‍ എമിനന്‍സ് അവാര്‍ഡ് ജേതാക്കളായ നെന്മാറ ബ്രദേഴ്സിന്‍െറ നാഗസ്വരവും മേളചക്രവര്‍ത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്‍െറയും സ്പെഷല്‍ പഞ്ചാരിമേളവും ബുധനാഴ്ച ഉത്സവചടങ്ങുകള്‍ക്ക് കൊഴുപ്പേകും. പല്ലാവൂര്‍ ശ്രീധരമാരാരും കുനിശ്ശേരി ചന്ദ്രന്‍ മാരാരും സംഘവും ഒരുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടാകും. രണ്ടാം ദിവസം മുതല്‍ നടന്നു വരുന്ന ഉത്സവബലി ഒമ്പതാം ദിവസമായ ബുധനാഴ്ച സമാപിക്കും. ഉച്ചക്ക് ഒരു മണിക്കാണ് ഉത്സവബലി ദര്‍ശനം. ചൊവ്വാഴ്ച രാത്രി ചലച്ചിത്രതാരം ആശ ശരത്തിന്‍െറ ശാസ്ത്രീയ നൃത്തം അരങ്ങേറി. എസ്.എന്‍.ഡി.പി ശാഖ യോഗവും ശ്രീമാരിയമ്മന്‍കോവില്‍ ട്രസ്റ്റും താലപ്പൊലി സമര്‍പ്പിച്ചു. ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ ഒമ്പതു ഗജവീരന്മാരാണ് ചൊവ്വാഴ്ച മുതല്‍ എഴുന്നള്ളത്തിനുള്ളത്. മൂന്നാം ഉത്സവ ദിനംവരെ മൂന്നും നാല്, അഞ്ച് ഉത്സവദിനങ്ങളില്‍ അഞ്ചും ആറ്, ഏഴ് ദിവസങ്ങളില്‍ ഏഴും എട്ടു മുതല്‍ ആറാട്ടുവരെ ഒമ്പതു ആനകളുമാണ് രാവിലെ ശ്രീബലിക്കും വൈകീട്ട് കാഴ്ചശ്രീബലിക്കും എഴുന്നള്ളത്തിനുണ്ടാകുക. ബുധനാഴ്ച വെളുപ്പിനെ 12ന് നടന്ന ഏഴരപ്പൊന്നാനദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. ഭാഗവത സപ്താഹ യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് കൊട്ടിപ്പാടി സേവ നടത്തി. കഴിഞ്ഞ 33 വര്‍ഷമായി അദ്ദേഹം ഭഗവത്സന്നിധിയിലത്തെി കൊട്ടിപ്പാടി സേവ നടത്തുന്നു. ചെങ്ങന്നൂര്‍ പോന്നുരുട്ടുമഠത്തിലെ ഇപ്പോഴത്തെ കാരണവരായ കൃഷ്ണര്‍ പണ്ടാരത്തില്‍ ആദ്യം വലിയകാണിക്ക അര്‍പ്പിച്ചു. ഇത് 13ാം തവണയാണ് ഇദ്ദേഹം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വലിയകാണിക്ക അര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.