ആയുര്‍വേദത്തിലൂടെ വൃക്ഷമുത്തശ്ശി പുതുജീവിതത്തിലേക്ക്

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്‍െറ മുറ്റത്ത് നില്‍ക്കുന്ന കാലപ്പഴക്കം ചെന്ന പ്ളാവിനു മാമരം സാന്ത്വനം പദ്ധതിയുടെ വൃക്ഷായുര്‍വേദ ചികിത്സ നല്‍കി. പുതിയകാവ് ദേവസ്വം, കേരള വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി, ഇളങ്ങുളം ശ്രീധര്‍മശാസ്താ ദേവസ്വം സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കിയത്. വൃക്ഷത്തിന് നല്‍കിയ ആയുര്‍വേദ ചികിത്സാ ചടങ്ങില്‍ ഭക്തരടക്കം സമൂഹത്തിലെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ശേഖരിച്ചു കൊണ്ടുവന്ന മണ്ണും ചാണകവും കൂട്ടിക്കുഴച്ച് കാലപ്പഴക്കത്താല്‍ കേടുവന്ന പ്ളാവിന്‍െറ ഭാഗങ്ങളില്‍ തേച്ചുപിടിപ്പിച്ചു. പിന്നീട് വെള്ള കോട്ടണ്‍ തുണിയുപയോഗിച്ച് ഈ ഭാഗങ്ങള്‍ പൊതിഞ്ഞശേഷം ചണനൂല്‍ ഉപയോഗിച്ച് കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. ആറുമാസം കൊണ്ട് പ്ളാവിന്‍െറ നഷ്ടമായ പുറംഭാഗം പൂര്‍വസ്ഥിതിയില്‍ ആകുമെന്നാണ് വൃക്ഷായുര്‍വേദത്തില്‍ പറയുന്നത്. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു അധ്യക്ഷത വഹിച്ചു. വൃക്ഷായുര്‍വേദത്തിന്‍െറ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു. എന്‍.എസ്.എസ് നായക സഭാംഗത്വം അഡ്വ. എം.എസ്. മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജയ ശ്രീധര്‍, വാഴൂര്‍ ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ എ.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, പഞ്ചായത്ത് അംഗം ബിന്ദു സന്തോഷ്, സംസ്ഥാന യൂത്ത് കമീഷന്‍ അംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോഓഡിനേറ്റര്‍ എസ്. ബിജു, ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്. സുശീല ദേവി, അധ്യാപകന്‍ എസ്. അഭിലാഷ്, അധ്യാപികയും പഞ്ചായത്ത് അംഗവുമായ സുജ മുരളി, പി.ടി.എ പ്രസിഡന്‍റ് പ്രഫ. എം.കെ. രാധാകൃഷ്ണന്‍, പുതിയകാവ് ദേവസ്വം ഭാരവാഹികളായ കെ.എസ്. ജയകൃഷ്ണന്‍ നായര്‍, ആര്‍. സുകുമാരന്‍ നായര്‍, പി.ജി. ജയചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്തരും പ്രകൃതി സ്നേഹികളും ആവേശത്തോടെയാണ് പരിപാടില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.