കേന്ദ്രം കനിഞ്ഞാല്‍ കോട്ടയത്ത് കുടിവെള്ളം സുലഭമാകും

കോട്ടയം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്രസഹായം തേടി വാട്ടര്‍ അതോറിറ്റി. ആറു ജലസംഭരണികള്‍ അടക്കം 211 കോടി ചെലവിടുന്ന പദ്ധതിയുടെ രൂപരേഖ വാട്ടര്‍ അതോറിറ്റി കേന്ദ്രത്തിന് സമര്‍പ്പിച്ചു. കോട്ടയം നഗരഹൃദയത്തിലടക്കം മുനിസിപ്പാലിറ്റിയുടെ ഭൂരിഭാഗം സ്ഥലത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുമാരനല്ലൂര്‍, നാട്ടകം ഭാഗങ്ങളില്‍ വേനല്‍ കനക്കുന്നതോടെ ക്ഷാമം രൂക്ഷമാകും. ഇടക്കിടെയുണ്ടാകുന്ന പൈപ്പ് തകരാറുകളും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ജപ്പാന്‍ സാമ്പത്തിക ഏജന്‍സിയായ ജിക്കയെ കേരളം സമീപിച്ചിരുന്നു. കുറഞ്ഞ പലിശനിരക്കിലുള്ള ഈ വായ്പ ഉപയോഗിച്ച് അഞ്ചു ജില്ലകളില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. കേന്ദ്രസര്‍ക്കാറിന്‍െറ ജാമ്യത്തിലാണ് തുക അനുവദിക്കുക. അതിനാല്‍ കേന്ദ്രത്തിന്‍െറ അംഗീകാരവും പദ്ധതിക്ക് ആവശ്യമാണ്. ഇതിനായി പ്രോജക്ട് വിഭാഗം തയാറാക്കിയ പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സര്‍ക്കാര്‍ കൈമാറിയിരിക്കുകയാണ്. 30 വര്‍ഷം മുന്നില്‍ കണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. നഗരത്തില്‍ 42 ദശലക്ഷം ലിറ്റര്‍ വെള്ളമത്തെിക്കാന്‍ നിലവില്‍ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. നിലവില്‍ 17 എം.എല്‍.ഡി വെള്ളം മാത്രമേ ദിനേന നഗരത്തില്‍ വിതരണത്തിന് എത്തുന്നുള്ളൂ. ഉപഭോഗം വര്‍ധിച്ച സാഹചര്യത്തിലും പൈപ്പിലെ ചോര്‍ച്ചയിലും മറ്റും ജല നഷ്ടമുണ്ടാകുന്നതിനാല്‍ എല്ലായിടത്തേക്കും വെള്ളമത്തെിക്കാന്‍ ഇതു മതിയാകാതെ വരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. പേരൂര്‍ പമ്പ്ഹൗസില്‍നിന്ന് വെള്ളം കൊണ്ടുവരാനായി 1000 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. നിലവില്‍ 600, 200 എം.എം പൈപ്പുകളിലൂടെയാണ് വെള്ളം എത്തുന്നതെങ്കിലും 40 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ് ഇവ. പൈപ്പുകള്‍ ക്ഷയിച്ച സാഹചര്യത്തിലാണ് പുതിയവ സ്ഥാപിക്കാന്‍ തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി പേരൂരില്‍ 50 എം.എല്‍.ഡി വെള്ളം ശുദ്ധീകരിക്കുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റും നിര്‍മിക്കും. കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് പുത്തനങ്ങാടി (20 ലക്ഷം ലിറ്റര്‍), പുല്ലരിക്കുന്ന് (15 ലക്ഷം), മുട്ടമ്പലം (7.5 ലക്ഷം), ഗാന്ധിനഗര്‍ (നാല് ലക്ഷം), ചിങ്ങവനം (12 ലക്ഷം), എസ്.എച്ച് .മൗണ്ട് (എട്ടു ലക്ഷം) എന്നിവിടങ്ങളിലാണ് ജലസംഭരണികള്‍ നിര്‍മിക്കുന്നത്. 180 കിലോമീറ്ററില്‍ പുതിയ പൈപ്പുകളിട്ടുവേണം ഈ സംഭരണികളിലേക്ക് വെള്ളം എത്തിക്കാന്‍. ഇവിടെ നിന്ന് പഴയ വിതരണ ശൃംഖലകളിലൂടെ വെള്ളം അതത് പ്രദേശങ്ങളിലത്തെിക്കുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.