കോട്ടയം: സെന്‍ട്രല്‍ ജങ്ഷനിലെ കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്. ഒന്നാംപ്രതി ഇടപ്പള്ളി പോണേക്കര കുരിശങ്കല്‍ മനോജ് സേവ്യര്‍ (39), രണ്ടാംപ്രതിയും മനോജിന്‍െറ ശാന്തമ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളിയുമായ തമിഴ്നാട് തേവാരം സ്വദേശി മുരുകേശന്‍ എന്നിവരെയാണ് കോട്ടയം അഡീഷനല്‍ ഫാസ്റ്റ് ട്രാക്-ഒന്ന് കോടതി ജഡ്ജി പി. രാഗിണി ശിക്ഷിച്ചത്. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നാംപ്രതി മനോജിന്‍െറ സുഹൃത്ത് ബിജു ജോസഫ്, മനോജിന് തോക്ക് നിര്‍മിച്ചുനല്‍കിയ രാഘവന്‍ ആചാരി എന്നിവരെ വെറുതേ വിട്ടു. ഇവരെ കവര്‍ച്ചയുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ. കവര്‍ച്ച നടത്തിയതിന് ഏഴുവര്‍ഷം കഠിനതടവും 10,000 രൂപയാണ് ശിക്ഷ. പിഴയൊടുക്കിയില്ളെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഭവനഭേദനത്തിന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ളെങ്കില്‍ നാലുമാസം കൂടി ശിക്ഷ അനുഭവിക്കണം. ആയുധം കൈവശംവെച്ചതിനു മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ളെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ശിക്ഷകള്‍ എല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. മഴക്കോട്ട് ധരിച്ച് ജ്വല്ലറിയില്‍ കയറിയ മുരുകന്‍ വെടിയുതിര്‍ക്കുകയും മനോജ് സ്വര്‍ണാഭരണങ്ങള്‍ വാരിയെടുക്കുകയുമായിരുന്നു. മാനേജരുടെ കഴുത്തില്‍ തോക്കുചൂണ്ടി നിര്‍ത്തിയായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തറയിലേക്കു വെടിയുതിര്‍ത്തു ഭീതി പടര്‍ത്തുകയും ചെയ്തു. ഏഴരക്കിലോയോളം സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. 2011 ജൂലൈ ഏഴിന് ഉച്ചക്ക് 12.50നായിരുന്നു കേസിനാസ്പദ സംഭവം. സ്വര്‍ണം ബാഗിലാക്കിയശേഷം ഇരുവരും സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കുമരകം ഭാഗത്തേക്കുപോയി. ചാലുകുന്നില്‍ ബൈക്കില്‍നിന്നിറങ്ങിയ മുരുകന്‍ ഇതുവഴിയത്തെിയ കുമരകം ബസില്‍ കയറി. മുരുകന്‍െറ പരിഭ്രാന്തി കണ്ട യാത്രക്കാരനായ ഷിജോ മാത്യു എന്ന വിദ്യാര്‍ഥി അറിയിച്ചതനുസരിച്ച് പൊലീസ് കുമരകത്തുനിന്ന് ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായത്. പിറ്റേന്ന് മനോജിനെ അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് സി.ഐമാരായിരുന്നു ജി. വേണു, എ.ജെ. തോമസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ആകെ 115 സാക്ഷികളില്‍ 65പേരെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. രഞ്ജിത് ജോണ്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.