വികസനത്തിന് പുത്തനുണര്‍വായി ചങ്ങനാശേരിയില്‍ ടൂറിസ്റ്റ് ബോട്ടുജെട്ടി

ചങ്ങനാശേരി: വികസനത്തിന് പുത്തനുണര്‍വായി ചങ്ങനാശേരി ബോട്ടുജെട്ടിയെ ടൂറിസ്റ്റ് ബോട്ടുജെട്ടിയായി പ്രഖ്യാപിച്ചു. ചങ്ങനാശേരിയോടു ചേര്‍ന്നുകിടക്കുന്ന തോടുകളെ ബന്ധിപ്പിച്ച് ടൂറിസം ജലപാത വികസിപ്പിക്കുകയും വിദേശ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കുവേണ്ടി ശിക്കാര വള്ളങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നതിന് രണ്ടുകോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ശിക്കാരവള്ളങ്ങളുടെ തടസ്സമില്ലാതെയുള്ള യാത്രക്ക് ബോട്ടുജെട്ടിയുമായി ബന്ധിപ്പിക്കുന്ന എല്ലാ തോടുകളും നവീകരിക്കും. ടൂറിസ്റ്റ് ജലപാതയോടനുബന്ധിച്ച് ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍, വൈദ്യുതി ദീപാലങ്കാരങ്ങള്‍ എന്നിവയുമുണ്ടാകും. കൂടാതെ ആരാധനാലയങ്ങളായ എടത്വപള്ളി, പുളിങ്കുന്ന്പള്ളി, മങ്കൊമ്പ്ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ബോട്ടുമാര്‍ഗം എത്താനാകും. പദ്ധതി പൂര്‍ത്തീകരണത്തിന് കാത്തുനില്‍ക്കാതെ ആദ്യഘട്ടത്തില്‍ സ്വകാര്യ ശിക്കാരവള്ളങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഒരുകാലത്ത് ചങ്ങനാശേരി മാര്‍ക്കറ്റിലേക്ക് ചരക്കുകളത്തെിയിരുന്ന കേവ് വള്ളങ്ങളും യാത്രാബോട്ടുകളും കൊണ്ട് നിറഞ്ഞുകിടന്ന ബോട്ടുജെട്ടി കുട്ടനാടന്‍, ഉള്‍നാടന്‍ മേഖലകളുടെ വികസനവും റോഡുകളുടെ വരവോടും കൂടി അവഗണനയുടെ നടുവിലായിരുന്നു. ഇതിന് പരിഹാരമാവുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെയെന്ന് സി.എഫ്. തോമസ് എം.എല്‍.എ അറിയിച്ചു. ടൂറിസം ബോട്ടുജെട്ടിയായി ഉയര്‍ത്തുമ്പോള്‍ ഉയരമുള്ള വള്ളങ്ങള്‍ എത്തുന്നതിന് തടസ്സമായ കെ.സി. പാലമാണ് പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. കോട്ടപ്പുറം-കോഴിക്കോടുവരെ ദേശീയ ജലപാത നീട്ടുന്നതോടൊപ്പം ആലപ്പുഴ-ചങ്ങനാശേരി കനാല്‍, ആലപ്പുഴ-കോട്ടയം കനാല്‍, കോട്ടയം-വൈക്കം കനാല്‍, അതിരമ്പുഴ കനാല്‍ എന്നിവയും ദേശീയ ജലപാതകളാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടെന്ന് സി.എഫ്. തോമസ് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.