കോട്ടയം: പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന് സംഘടിപ്പിച്ച ‘മേള’യില്‍ വൃദ്ധന്‍ കുഴഞ്ഞുവീണു. അസ്വസ്ഥതയില്‍ നിരവധിപേര്‍ വലഞ്ഞു. കോട്ടയം മൂലവട്ടം രാമക്കാട്ട് ഇ.കെ. സോമനാണ് (72) കുഴഞ്ഞുവീണത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. അവശതയില്‍ തളര്‍ന്നുവീണ സോമനെ നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ. ഷീജ അനില്‍, സനല്‍ തമ്പി, നാട്ടുകാരായ സന്തോഷ് തുരുത്തുമേല്‍, മിനി നാരായണന്‍ ചേര്‍ന്ന് വാഹനം പിടിച്ച് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കനത്തവെയിലില്‍ കുടിവെള്ളംപോലും കിട്ടാതെ മൂലവട്ടം ആശാരിപറമ്പില്‍ ജാനകിയും (78) അസ്വസ്ഥത പ്രകടിപ്പിച്ചു. കോട്ടയം നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ പെന്‍ഷന്‍ കുടിശ്ശിക ചെക് വിതരണകേന്ദ്രമായ നാട്ടകം സെന്‍റ് തോമസ് പാരിഷ്ഹാള്‍, ചിങ്ങവനം ശാലോം ഹാള്‍ എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വാങ്ങാനത്തെിയ നൂറുകണക്കിനാളുകളാണ് തളര്‍ന്നത്. നഗരസഭയിലെ 31,32,33,34, 41,42,43,44 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കായി 342 ചെക്കുകളാണ് വിതരണത്തിന് ഒരുക്കിയിരുന്നത്. അറിയിപ്പ് നല്‍കിയതനുസരിച്ച് വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയവ വാങ്ങാന്‍ അവശത മറന്ന് തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വിതരണകേന്ദ്രത്തിലേക്ക് നിരവധിപേരാണ് എത്തിയത്. വെയില്‍ വകവെക്കാതെ തടിച്ചുകൂടിയ വികലാംഗരടക്കമുള്ളവര്‍ കുടിവെള്ളംപോലും കിട്ടാതെ ബുദ്ധിമുട്ടി. പെന്‍ഷനുകള്‍ വാങ്ങാന്‍ ക്യൂവില്‍ മണിക്കൂറുകള്‍ തള്ളിനീക്കിയ പ്രായമായവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ളെന്ന് തിരിച്ചറിഞ്ഞത് ഉദ്യോഗസ്ഥരുമായി നേരിയബഹളത്തിന് ഇടയാക്കി. വൃദ്ധര്‍ക്കൊപ്പം എത്തിയവരുമായി നേരിയതോതില്‍ ഉന്തും തള്ളുമുണ്ടായി. നേരത്തേ പോസ്റ്റ് ഓഫിസ് വഴി വിതരണം ചെയ്ത പെന്‍ഷന്‍ ഒരുവര്‍ഷമായി പലര്‍ക്കും കിട്ടാത്തതും പ്രശ്നങ്ങള്‍ക്ക് കാരണമായി. മേളയിലൂടെ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. അതിനിടെ, അവശതയനുഭവിച്ച് വീട്ടില്‍കഴിയുന്ന കിടപ്പുരോഗികള്‍ക്ക് ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി വിതരണം ചെയ്യുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും ഫലപ്രദമായില്ല. പരസഹായംതേടി അവശതയനുഭവിക്കുന്ന നിരവധിപേരാണ് പെന്‍ഷന്‍മേളക്കത്തെിയത്. വരുംദിവസങ്ങളില്‍ നഗരസഭയുടെ സോണല്‍ ഓഫിസുകള്‍വഴി വിതരണം ചെയ്ത് പ്രായമായവരുടെ ദുരിതം അകറ്റണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.