മെഡിക്കല്‍ കോളജില്‍ പി.ജി കോഴ്സിന് അംഗീകാരം നഷ്ടപ്പെട്ടേക്കും

ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ അധ്യാപക ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ വൈകുന്നതുമൂലം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. അധ്യാപക ഡോക്ടര്‍മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പരിമിതിയില്‍ നടക്കുന്ന കോഴ്സുകളുടെ അംഗീകാരം റദ്ദുചെയ്യുക എന്നതാണ് സാധാരണ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചെയ്യുന്നത്. പ്രധാനമായും പി.ജി കോഴ്സുകളുടെ അംഗീകാരമാണ് നഷ്ടപ്പെടാനിടയാക്കുന്നത്. ഇതു വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെയും ഭാവിയെയും ബാധിക്കും. പ്രധാനമായും മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി, കാന്‍സര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ സിനീയര്‍ ഡോക്ടര്‍മാരുടെ കുറവ് നേരിടുന്നുണ്ട്. മുമ്പുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വിരമിക്കുകയും പ്രമോഷന്‍ ലഭിച്ചു പോകുകയും ചെയ്തതോടെ ഉണ്ടായിട്ടുള്ള ഒഴിവുകള്‍ നികത്തപ്പെടാത്തതാണ് കാരണം. അധ്യാപക ഡോക്ടര്‍മാരുടെ കുറവ് നിലവില്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പഠനത്തിന്‍െറ ഭാഗമായി വാര്‍ഡില്‍ ചെന്ന് രോഗിയെ നേരില്‍ക്കണ്ട് കേസ് ഷീറ്റ് പരിശോധിച്ച് അധ്യാപക ഡോക്ടര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് രോഗത്തെക്കുറിച്ചും നിലവില്‍ ഈ രോഗത്തിനുള്ള ചികിത്സ സംവിധാനങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കണം. എന്നാല്‍, ഇത്തരത്തില്‍ വിശദമായ പഠനത്തിന് അധ്യാപക ഡോക്ടര്‍മാരുടെ വലിയ കുറവ് നേരിടുന്നത് വിവിധ കോഴ്സുകളിലുള്ള വിദ്യാര്‍ഥികളുടെ ക്ളിനിക്കല്‍ പോസ്റ്റിങ്ങിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. നിലവിലുള്ള അധ്യാപക ഡോക്ടര്‍മാര്‍ ഒ.പിയിലും വാര്‍ഡിലുമുള്ള രോഗികളെ പരിശോധിക്കുന്നതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് ക്ളാസെടുക്കാന്‍ സമയം കണ്ടെത്തേണ്ടിവരുകയും ചെയ്യുന്നു. ഇത് ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിലവില്‍ ഒ.പിയിലും വാര്‍ഡിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇവരെ പരിശോധിച്ച് മതിയായ ചികിത്സ നല്‍കുന്നതിനുതന്നെ ഏറെസമയം വേണ്ടിവരും. ഇതിനുശേഷമായിരിക്കും ക്ളാസുകള്‍ എടുക്കുക. 60 വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്കത്തെുമ്പോള്‍ ഒരോ വിഭാഗത്തിലെയും കോഴ്സുകള്‍ക്കുള്ള അസിസ്റ്റന്‍റ് പ്രഫസര്‍മാര്‍, അസോസിയേറ്റ് പ്രഫസര്‍മാര്‍ എന്നിവരടക്കമുള്ള അധ്യാപക ഡോക്ടര്‍മാരുടെ കണക്കെടുപ്പ് നടത്തും. ഒരു വര്‍ഷം ഈ വിഭാഗത്തില്‍ എത്ര രോഗികള്‍ ചികിത്സ തേടുന്നുണ്ട്, ഏതൊക്കെ തരത്തിലുള്ള അത്യാധുനിക ചികിത്സാ സൗകര്യമുണ്ട് തുടങ്ങിയ വിവിധ കാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കും. എന്നാല്‍ മുന്‍കാലങ്ങളില്‍ കൗണ്‍സിലിന്‍െറ പരിശോധനക്ക് മറ്റ് മെഡിക്കല്‍ കോളജില്‍നിന്നുള്ള ഡോക്ടര്‍മാരെ തല്‍ക്കാലം ഇറക്കുമതി ചെയ്ത് കൗണ്‍സിലിന്‍െറ കണ്ണില്‍ പൊടിയിടുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. എന്നാലിത് പലപ്പോഴും കണ്ടുപിടിക്കപ്പെടുകയും വിവിധ കോഴ്സുകളുടെ അംഗീകാരം റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് ലക്ഷങ്ങള്‍ പിഴയടക്കുകയും അധ്യാപക ഡോക്ടര്‍മാരുടെ നിയമനം നടത്തിയുമൊക്കെയാണ് നഷ്ടപ്പെട്ട അംഗീകാരം വീണ്ടെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.