പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് കെട്ടിടം നിര്‍മിക്കാന്‍ നടപടി വൈകുന്നു

പാലാ: ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികതടസ്സം മൂലം പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി വൈകുന്നു. നിലവിലുള്ള കെട്ടിടത്തിന് സമീപം പുതിയ ഓഫിസ് മന്ദിരം നിര്‍മിക്കാന്‍ 1.85 കോടിരൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരുന്നത്. നിലവിലെ കെട്ടിടത്തിനും ജില്ലാ ട്രഷറിക്കും ഇടയില്‍ 10 സെന്‍റ് സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കെട്ടിട നിര്‍മാണത്തിന് കരാറുകാരുമായി ഉടമ്പടി വെക്കുകയും പ്രാഥമിക നടപടി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, റവന്യൂ വകുപ്പ് ഭൂമി രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറാത്തതിനാല്‍ തുടര്‍ നടപടി നിലച്ചു. ഇതേതുടര്‍ന്ന് പഴയ എസ്റ്റിമേറ്റ് തുകക്ക് നിര്‍മാണം നടത്താന്‍ സാധ്യമല്ളെന്ന് കാണിച്ച് കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും രജിസ്ട്രേഷന്‍ വകുപ്പ് അധികൃതര്‍ക്കും കത്ത് നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ റവന്യൂ വകുപ്പ് രജിസ്ട്രേഷന്‍ വകുപ്പിന് ഭൂമി കൈമാറുകയായിരുന്നു. എന്നാല്‍, നിര്‍ദിഷ്ട സ്ഥലത്ത് റവന്യൂ വകുപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കുകയും മരങ്ങള്‍ വെട്ടിമാറ്റി ഭൂമി നിര്‍മാണത്തിന് സജ്ജമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വീണ്ടും കത്തുനല്‍കുകയായിരുന്നു. സമീപകാലത്ത് വാഹനങ്ങള്‍ നീക്കം ചെയ്തെങ്കിലും മരങ്ങള്‍ വെട്ടിമാറ്റിയില്ല എന്ന കാരണം പറഞ്ഞ് റീടെന്‍ഡര്‍ നടപടി പൊതുമരാമത്ത് വകുപ്പ് തുടങ്ങിയില്ല. എന്നാല്‍, നിര്‍ദിഷ്ട സ്ഥലത്ത് നിര്‍മാണം നടത്തുന്നതിന് അതിര്‍ത്തി ഭാഗത്ത് നില്‍ക്കുന്ന മരങ്ങള്‍ തടസ്സമല്ളെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നു. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പാലാ ആര്‍.ഡി.ഒ അറിയിച്ചു. നിലവിലെ സബ് രജിസ്ട്രാര്‍ ഓഫിസ് വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതി മന്ത്രിയായിരുന്ന കെ.എം. മാണി പ്രത്യേക താല്‍പര്യമെടുത്ത് നല്‍കിയത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് നിലവില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. കെട്ടിടത്തിന്‍െറ മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലുമാണ്. മഴക്കാലത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കെട്ടിടത്തിന് മേലെ പടുത വിരിച്ച് ചോര്‍ച്ച തടയാന്‍ ശ്രമം നടത്താറുണ്ട്. എന്നാലും മഴയും കാറ്റും ഉള്ളപ്പോള്‍ ഇത്തരം പൊടിക്കൈകള്‍ പ്രയോജനപ്രദമല്ല. വര്‍ഷങ്ങളായി ഇത് പതിവുകാഴ്ചയാണ്. പാലാ സിവില്‍ സ്റ്റേഷനും സബ് ജയിലിനും സമീപമാണ് സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പാലായിലെ മറ്റുസര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് പ്രവര്‍ത്തനം മാറിയെങ്കിലും സബ് രജിസ്ട്രാര്‍ ഓഫിസ് മാത്രമാണ്് ജീര്‍ണിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫിസില്‍ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.