ആര്‍.ഐ.ടിയില്‍ 28 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: രജതജൂബിലി ആഘോഷിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 28 കോടി രൂപയുടെ പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 690 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ സയന്‍സ് ബ്ളോക്കിന്‍െറയും രണ്ടുകോടി ചെലവില്‍ വിദ്യാര്‍ഥിനികള്‍ക്ക് പണികഴിപ്പിച്ച ഹോസ്റ്റലിന്‍െറയും 12 കോടി 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ആര്‍ക്കിടെക്ചര്‍ ബ്ളോക്കിന്‍െറയും ശിലാസ്ഥാപനവുമാണ് നിര്‍വഹിച്ചത്. ആര്‍.ഐ.ടിക്ക് പുതിയ ബസ് വാങ്ങാനും ഓഡിറ്റോറിയം നിര്‍മിക്കാനും സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകര്‍ക്ക് കാമ്പസില്‍തന്നെ താമസസൗകര്യം ഒരുക്കുന്നതിന്‍െറ ആദ്യപടിയായി 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്രിന്‍സിപ്പല്‍സ് ക്വാര്‍ട്ടേഴ്സിന്‍െറ ശിലാസ്ഥാപനം ജോയി എബ്രഹാം എം.പിയും ആണ്‍കുട്ടികള്‍ക്ക് 6.42കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പും നിര്‍വഹിച്ചു. ആര്‍ക്കിടെക്ചര്‍ ബ്ളോക്കിന്‍െറ മാതൃകാ അനാച്ഛാദനം പാമ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശേരിയും വനിതാ ഹോസ്റ്റലിന്‍െറ താക്കോല്‍ കൈമാറ്റം അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടറും റീജിനല്‍ ഓഫിസറുമായ ഡോ.യു. രമേശും നിര്‍വഹിച്ചു. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എന്‍ജിനീയര്‍ ബിന്ദു സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫിലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം സണ്ണി പാമ്പാടി, ബ്ളോക് പഞ്ചായത്തംഗം അനീഷ് ഗ്രാമറ്റം, ഗ്രാമപഞ്ചായത്തംഗം ഏലിയാമ്മ അനില്‍, പി.ടി.എ പ്രസിഡന്‍റ് ശശികുമാര്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ അജിത്ത് ബി. നായര്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതികവിദ്യാഭ്യസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ പ്രഫ. കെ. വിദ്യാസാഗര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. റൂബി എബ്രഹാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.