യുവതിയുടെ മരണം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവ്

കോട്ടയം: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനു ഏഴു വര്‍ഷവും ഭര്‍തൃമാതാവിനു മൂന്നുമാസവും തടവ്. ചങ്ങനാശ്ശേരി മാടപ്പള്ളി മോസ്കോ കല്ലുവെട്ടം ഭാഗത്ത് കണിച്ചുകാട്ട് വീട്ടില്‍ മനോജ് എബ്രഹാം, ഇയാളുടെ മാതാവ് അന്നമ്മ എബ്രഹാം എന്നിവരെയാണ് കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി അഞ്ച് ജഡ്ജി വി.എസ്. ബിന്ദുകുമാരി ശിക്ഷിച്ചത്. മനോജ് പതിനായിരവും അന്നമ്മ 5000 രൂപ പിഴയും നല്‍കണം. മനോജ് എബ്രഹാമിന്‍െറ ഭാര്യ ജൂലി ഭര്‍തൃവിട്ടില്‍ മാനസിക, ശാരീരിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2010 ഏപ്രില്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. മനോജ് എബ്രഹാമിനു രണ്ടു വകുപ്പിലായി 5000 രൂപ വീതം പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ളെങ്കില്‍ രണ്ടു മാസം അധികതടവും അനുഭവിക്കണം. 2000ല്‍ വിവാഹിതയായ ജൂലി ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം താമസിച്ചു വരുകയായിരുന്നു. ഇവരില്‍നിന്നുള്ള തുടര്‍ച്ചയായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവദിവസം ഭര്‍തൃവീട്ടില്‍ നടന്ന സംഭവം സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അനുജത്തി അലക്സിയെ ജൂലി ധരിപ്പിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ആത്മഹത്യ. ജൂലിയുടെ പിതാവ് അലക്സാണ്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ചാര്‍ജ് ചെയ്തത്. കേസില്‍ 39ാം സാക്ഷിയായിരുന്നു അലക്സി. ഇവരുടെ മൊഴി കേസില്‍ നിര്‍ണായക തെളിവായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സജയന്‍ ജേക്കബ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.