നോട്ട് നിരോധനം: പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിന് അര്‍ധരാത്രി നടപ്പാക്കിയ നോട്ട് നിരോധനം ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ വിവിധ പഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്ന ചെറുകിട കരാറുകാര്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതോടെ നിര്‍മാണമേഖല പൂര്‍ണമായും തടസ്സപ്പെട്ട സാഹചര്യമാണ്. കരാറെടുത്താല്‍ തൊഴിലാളികള്‍ക്കു കൂലിനല്‍കാന്‍ പണമില്ളെന്നാണ് കരാറുകാര്‍ പറയുന്നത്. കടംവാങ്ങിയും പണയം വെച്ചും നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങളുടെ ചെക്കുപോലും മാറിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ഇതുമൂലം ജില്ല, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകള്‍ വിളിച്ച ടെന്‍ഡറുകള്‍ ഏറ്റെടുക്കാന്‍ ആരും തന്നെ മുന്നോട്ടുവന്നിട്ടില്ല. റീ ടെന്‍ഡര്‍ നല്‍കിയിട്ടും ചെറുകിട കരാറുകാര്‍ വിട്ടുനില്‍ക്കുകയാണ്. ചിലയിടത്ത് ഗുണഭോക്തൃ സമിതികള്‍ ഏറ്റെടുത്ത നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. തുടങ്ങിവെച്ച നിര്‍മാണം പൂര്‍ത്തിയാക്കാനോ, പൂര്‍ത്തീകരിച്ചതിന് പണം ലഭിക്കാനോ സാധ്യമല്ലാത്ത സാഹചര്യമാണ് അവര്‍ക്കും. ഒരാഴ്ച ലഭിക്കുന്ന 24,000 രൂപ പലയിടത്തും ഒരുദിവസം തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ തികയുന്നില്ല. എന്നാല്‍, ഈ തുകപോലും ദിവസങ്ങള്‍ ബാങ്കുകളില്‍ കയറിയിറങ്ങിയിട്ടും കിട്ടാത്തതും പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരാര്‍ ജോലികളെടുത്ത് ചെയ്തുവന്നവരുടെ സ്ഥിതിയും വിഭിന്നമല്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും നോട്ട് പ്രതിസന്ധിക്ക് പരിഹാരമില്ലാത്തതിനാല്‍ പലരും നിര്‍മാണമേഖല തന്നെ വിടാന്‍ തയാറെടുക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.