തിരുപ്പിറവിയുടെ ഓര്‍മയില്‍

കോട്ടയം: തിരുപ്പിറവിയുടെ ആഘോഷനിറവില്‍ ക്രിസ്മസ്. ക്രൈസ്തവ ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചയുമായി കുര്‍ബാനയും ക്രിസ്മസ് കരോളുകളും നടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു. ശനിയാഴ്ച രാത്രി പടക്കം പൊട്ടിച്ചും മറ്റും ആഘോഷം തിമിര്‍ത്തു. നന്മയുടെയും സ്നേഹത്തിന്‍െറയും സഹനത്തിന്‍െറയും സന്ദേശം ലോകത്തിനു നല്‍കിയ യേശുദേവന്‍െറ പിറവി ആഘോഷിക്കുമ്പോള്‍ ഇതിനൊന്നും കഴിയാത്തവരെക്കുറിച്ച് മനസ്സില്‍ കരുതലുണ്ടാകണമെന്ന് കുര്‍ബാനകള്‍ക്കിടെ മെത്രാപ്പോലീത്തമാരും വൈദികരും ആഹ്വാനം ചെയ്തു. സമൂഹത്തിന്‍െറ നന്മക്കായി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും കഴിയണം. വിവിധ സംഘടനകളുടെയും ദേവാലയങ്ങളുടെയും നേതൃത്വത്തില്‍ കഴിഞ്ഞദിവസങ്ങളിലായി ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നുവരുകയാണ്. നോട്ട് പ്രതിസന്ധി ഇത്തവണ ക്രിസ്മസ് വിപണിയെ ബാധിച്ചിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കച്ചവടത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നത്. അവസാനദിനങ്ങളിലാണ് കച്ചവടം കുറച്ചെങ്കിലും മെച്ചപ്പെട്ടത്.ശനിയാഴ്ച കേക്കും പടക്കങ്ങളുമാണ് വന്‍തോതില്‍ വിറ്റഴിഞ്ഞത്. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഗിരിദീപം കോളജ്, ജെ.സി.ഐ സൈബര്‍ സിറ്റി, മാന്നാനം കെ.ഇ സ്കൂള്‍, കോട്ടയം മാനവമൈത്രിവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടന്ന സര്‍വമത ക്രിസ്മസ് ആഘോഷം തിരുനക്കര മൈതാനത്ത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവത്തിന്‍െറ സൃഷ്ടിയിലെ ഏറ്റവും ഉത്തമന്‍ മനുഷ്യനാണെന്നും മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുമ്പോള്‍ ദൈവത്തെപ്പോലെയാകുമെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് പി.പി. ജോസഫ് അധ്യക്ഷതവഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ക്രിസ്മസ് സന്ദേശം നല്‍കി. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ ഡോ. മാണി പുതിയിടം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, വി.എന്‍. വാസവന്‍, വി.ബി. ബിനു, ഡോ. വര്‍ഗീസ് കൈപ്പനടുക്ക, ഫാ. തോമസ് പുതുശ്ശേരി, ഡോ. പി.ആര്‍. സോന, പി.യു. തോമസ്, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ സംസാരിച്ചു. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് സഭാരത്നം അവാര്‍ഡ് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. ഫിലിപ്പ് കുഴികുളം, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, ഗായകരായ ജിനോ കുന്നുംപുറം, അഞ്ജു ജോസഫ് എന്നിവരെയും ആദരിച്ചു. ക്രിസ്മസ് കരോള്‍ ഗാനമേളയും ഗിരിദീപം സ്കൂളിലെയും കോളജിലെയും എസ്.എച്ച് മൗണ്ട് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെയും കുട്ടികളുടെ ക്രിസ്മസ് ദൃശ്യാവിഷ്കാരം, നാടകം, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.