ചക്കുളത്തുകാവ് പൊങ്കാല 12ന്; ഒരുക്കങ്ങളായി

കോട്ടയം: തിരുവല്ല ചക്കുളത്തുകാവിലെ പൊങ്കാല ഈമാസം 12ന് നടക്കും. ഇതിന് ഒരുക്കമെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവല്ല മുതല്‍ തകഴിവരെയും എം.സി റോഡില്‍ ചങ്ങനാശ്ശേരി മുതല്‍ പന്തളംവരെയും പൊങ്കാല അടുപ്പുകള്‍ നിരക്കും. മാന്നാര്‍-മാവേലിക്കര റൂട്ടിലും മുട്ടാര്‍-കിടങ്ങറ, വീയപുരം-ഹരിപ്പാട് റൂട്ടിലും ഭക്തര്‍ പൊങ്കാലയര്‍പ്പിക്കും. രാവിലെ ഒമ്പതിനു പൊങ്കാലക്ക് തുടക്കം കുറിച്ച് ശ്രീകോവിലില്‍നിന്ന് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നിലവറ ദീപം തെളിക്കും. മന്ത്രി മാത്യു ടി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. 11ന് 500ല്‍ അധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ 41 ജീവിതകളിലായി ദേവിയെ എഴുന്നള്ളിച്ചു പൊങ്കാല നേദിക്കും. വൈകീട്ട് അഞ്ചിന് തോമസ് ചാണ്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം. ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിക്കും. 12 നോമ്പ് ഉത്സവം 16 മുതല്‍ 27വരെ നടക്കും. 16നാണ് നാരീപൂജ. നാരീപൂജ വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയും സാംസ്കാരിക സമ്മേളനം പത്തനംതിട്ട കലക്ടര്‍ ആര്‍. ഗിരിജയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മണിക്കുട്ടന്‍ നമ്പൂതിരി, അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, പി.ഡി. കുട്ടപ്പന്‍, സന്തോഷ് ഗോകുലം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.