വൈദ്യുതി മുടങ്ങാതിരിക്കാന്‍: പാലായില്‍ ഏരിയല്‍ പഞ്ച്ഡ് കേബ്ള്‍ പദ്ധതി വരുന്നു

പാലാ: ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമായി പാലാ നഗരത്തില്‍ കെ.എസ്.ഇ.ബി ഏരിയല്‍ പഞ്ച്ഡ് കേബ്ള്‍ പദ്ധതി നടപ്പാക്കുന്നു. ഇന്‍സുലേറ്റഡ് കമ്പികളിലൂടെ വൈദ്യുതി നഗരത്തില്‍ വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്രസഹായത്തോടെയാണ് നടപ്പാക്കുന്നത്. ഇതിന് 13.18 കോടിയുടെ ഭരണാനുമതി കഴിഞ്ഞദിവസം കെ.എസ്.ഇ.ബി നല്‍കി. കേന്ദ്രസര്‍ക്കാറിന്‍െറ ഇന്‍റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്‍റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ഇ-ടെന്‍ഡര്‍ വിളിച്ചു. ഈവര്‍ഷം ഡിസംബറോടെ നിര്‍മാണം തുടങ്ങാനാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം പ്രോജക്ട് തയാറാക്കി കെ.എസ്.ഇ.ബി കേന്ദ്രസര്‍ക്കാറിന് മുമ്പ് സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് മൂന്നുമാസം മുമ്പ് അനുമതി ലഭിച്ചത്. ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ഹൈടെന്‍ഷന്‍ ലൈനുകള്‍ പൂര്‍ണമായും ഇന്‍സുലേറ്റഡ് കമ്പികളായി മാറും. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ വലിയൊരു പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കും. മരങ്ങള്‍ വീണാലും ഇന്‍സുലേറ്റഡ് കേബ്ളുകള്‍ പെട്ടെന്ന് മുറിയുകയില്ല. ഇതുമൂലം സാധാരണ രീതിയിലുള്ള വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ സാധിക്കും. ട്രാന്‍സ്ഫോര്‍മറുകളില്‍നിന്ന് വീടുകളിലേക്ക് കുറഞ്ഞതോതില്‍ വൈദ്യതി എത്തിക്കുന്ന കമ്പികളിലുണ്ടാകുന്ന അപാകതകള്‍ ചെറിയൊരു മേഖലയില്‍ മാത്രമേ വൈദ്യുതി മുടക്കത്തിന് ഇടവരുത്തുകയുള്ളു. ഇത്തരത്തില്‍ ഏരിയല്‍ പഞ്ച്ഡ് കേബ്ള്‍ പദ്ധതി നടപ്പാക്കുമ്പോള്‍ അപകടങ്ങളും കുറയും. കമ്പികളില്‍ തട്ടി വൈദ്യുതാഘാതമേറ്റ് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിക്കും. 2018 ഡിസംബറോടെ പദ്ധതി പൂര്‍ണമായും സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സമ്പ്രദായം നടപ്പാക്കുമ്പോള്‍ വൈദ്യുതി തൂണുകളുടെ എണ്ണം കൂട്ടേണ്ടിവരും. ഇപ്പോള്‍ രണ്ട് വൈദ്യുതി തൂണുകള്‍ തമ്മിലുള്ള ദൂരം 40 മുതല്‍ 45 മീറ്റര്‍ വരെയാണ്. പുതിയ പദ്ധതി നടപ്പാക്കുമ്പോള്‍ 20 മുതല്‍ 25 മീറ്ററായി കുറക്കേണ്ടിവരും. വിവിധ ഘട്ടമായാണ് നിര്‍മാണം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.