കേരള കോണ്‍ഗ്രസ് ഇല്ലാതെ സമരം: ശക്തി തെളിയിച്ചതായി യു.ഡി.എഫ്

കോട്ടയം: മൂന്നു പതിറ്റാണ്ടിനുശേഷം കേരള കോണ്‍ഗ്രസ് ഇല്ലാതെ യു.ഡി.എഫ് നടത്തിയ സമരത്തില്‍ ജനപങ്കാളിത്തത്തിനു കുറവില്ളെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കലക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും യു.ഡി.എഫിന്‍െറ ശക്തി കുറഞ്ഞിട്ടില്ളെന്ന് കാട്ടിയതായാണ് നേതാക്കളുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന്‍െറ തട്ടകത്തില്‍ നടക്കുന്ന സമരത്തില്‍ പ്രവര്‍ത്തന പങ്കാളിത്തം കുറയാതെ ഉണ്ടാകുന്നതിന് വലിയ മുന്നൊരുക്കമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. കോട്ടയം ഡി.സി.സി അടക്കം സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പിക്കുന്നതിനു കര്‍ശന നിര്‍ദേശമായിരുന്നു നല്‍കിയത്. അത് വിജയം കണ്ടുവെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. വാഹനങ്ങളിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സമരത്തിന്‍െറ വിജയത്തിന് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവും ഉണ്ടായി. ധര്‍ണയില്‍ സംസാരിച്ച നേതാക്കളേറെയും കേരള കോണ്‍ഗ്രസിന്‍െറ വിട്ടുപോക്ക് യു.ഡി.എഫിനെ ഒരു തരത്തിലും ക്ഷയിപ്പിക്കുന്നതല്ളെന്നും കൂടുതല്‍ ശക്തിയാര്‍ജിച്ച് യു.ഡി.എഫ് സര്‍ക്കാറിനെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചു. യു.ഡി.എഫ് വിട്ട കെ.എം. മാണിയെ പരോക്ഷമായുള്ള ആക്രമണവും നേതാക്കളില്‍നിന്നുണ്ടായി. കെ.എം. മാണിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍െറ നിലപാടുകളെ പൂര്‍ണമായും തള്ളിയായിരുന്നു ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കനും സമരസ്ഥലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.എം. മാണിയോട് ഒരു വിട്ടുവീഴ്ചയും തല്‍ക്കാലം ആരും സ്വീകരിക്കേണ്ട എന്നൊരു സന്ദേശവും കൂടിയാണ് യു.ഡി.എഫ് സമരവേദിയില്‍ കോണ്‍ഗ്രസിന്‍െറ ഇരുഗ്രൂപ്പുകളുടെ ഉന്നതനേതാക്കളുടെ പരസ്യപ്രതികരണത്തില്‍നിന്ന് വ്യക്തമായത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുക്കാനത്തെിയത്. ഭാരവാഹികളായ കെ.ജി. ഹരിദാസ്, പി.പി. സിബിച്ചന്‍, എസ്. രാജീവ്, ടി.സി. റോയി, പ്രഫ. നാരായണപിള്ള, അക്കരപ്പാടം ശശി, ബേബി തൊണ്ടാംകുഴി, റോയി കപ്പലുമാക്കല്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ജോബി അഗസ്റ്റിന്‍, ജോബിന്‍ ജേക്കബ്, ജയ് ജോണ്‍ പേരയില്‍, ജോയി ചെട്ടിശേരി, ബാബു ജോസഫ്, ജോ പായിക്കാട്ട്, അസീസ് ബഡായി, സലീം മോടയില്‍, അജ്മാല്‍ ഖാന്‍, സുനു ജോര്‍ജ്, എം.പി. സന്തോഷ്കുമാര്‍, ജോബോയി ജോര്‍ജ്, യൂജിന്‍ തോമസ്, ബിജു എസ്. കുമാര്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.