കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരീക്ഷിക്കാന്‍ സ്വകാര്യ ബസുകളുടെ ‘ചാരന്മാര്‍’

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസുകളെ നിരീക്ഷിക്കാന്‍ സ്വകാര്യ ബസുകളുടെ ‘ചാരന്മാര്‍. ബസ് പുറപ്പെട്ടോ, എവിടെവരെയായി തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ബസ് ജീവനക്കാരെ വിളിച്ചറിയിക്കാനാണ് ഇതേ ബസിലെ കിളികളെ അയക്കുന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് ഒരോ ബസും സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്നതു മുതലുള്ള വിവരങ്ങള്‍ സ്വകാര്യ ബസുകാരെ അറിയിക്കും. കുമളി, എറണാകുളം റൂട്ടിലെ ബസുകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ഇവിടേക്ക് ഒരു ബസ് പുറപ്പെട്ടാല്‍ ഇവര്‍ ഉടന്‍ വിവരം അറിയിക്കുകയും. ഇതോടെ സ്വകാര്യ ബസ് ഇതിന് മുന്നിലായി ഓടുകയാണ് പതിവ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പരിസരം, തിരുനക്കര, ബേക്കര്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം ഏജന്‍റുമാര്‍ നില്‍ക്കുന്നത് പതിവാണ്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും ഇവര്‍ കയറി വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ളവരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരുമായി വാക്കേറ്റവും പതിവാണ്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ കോട്ടയത്തുനിന്ന് പോയ കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ ഇത് ചോദ്യം ചെയ്തതിന് കിളി കൈയേറ്റം ചെയ്യുകയുണ്ടായി. ഈ വിവരം കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചെങ്കിലും നിസ്സംഗനിലപാട് സ്വീകരിക്കുകയായിരുന്നുവത്രേ.രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയത്ത് കോട്ടയം-വൈറ്റില ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് കിളികളുടെ വിഹാരം. കണ്ടക്ടറുടെ സീറ്റിന്‍െറ അരികിലായിരിക്കും കഴിവതും ഇവര്‍ ഇടം പിടിക്കുക. അല്ളെങ്കില്‍ മുന്നില്‍ ഡ്രൈവര്‍ക്ക് സമീപം. പിന്നെ ഫോണില്‍ നിര്‍ത്താതെയുള്ള റൂട്ട് വിവരണമാണ്. ബസ് ഓരോ സ്റ്റോപ്പും പിന്നിടുന്നത്, കയറിയ യാത്രക്കാര്‍ ഇതെല്ലാം കൃത്യമായി വിളിച്ചു പറഞ്ഞുകൊടുക്കും. ഇടക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ബസ് വൈകിയാണ് ഓടുന്നത്. സമയം പാലിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഉന്നയിക്കാറ്. ഇവരുടെ സംസാരമാണ് പലപ്പോഴും യാത്രക്കാരെ പ്രകോപ്പിപ്പിക്കുന്നത്. ഒരേ കമ്പനിയുടെ തന്നെ നിരവധി സ്വകാര്യ ബസുകളാണ് കോട്ടയം-വൈറ്റില റൂട്ടിലുള്ളത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ മുന്നിലും പിറകിലും ഇവരായതിനാല്‍ കിളികള്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇവര്‍ക്ക് അഡ്ജസ്റ്റ് ചെയത് ഓടാനാകും. ചില കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പ്രതീപ്പെടുത്താനും കിളികള്‍ ശ്രമിക്കാറുണ്ട്. ഈ വലയില്‍ കൊത്തുന്നവര്‍ ഡ്യൂട്ടിയിലുള്ള ദിവസം കിളികള്‍ ആ ബസില്‍ കയറില്ല. സ്വകാര്യ ബസുകളുടെ ഈ പുതിയ കിളി പ്രയോഗം കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കലക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ളെന്നും പരാതിയുണ്ട്. ഇത്തരക്കാരെക്കുറിച്ച് പൊലീസിന് പരാതി നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, ചില ജീവനക്കാര്‍ ‘ചാരന്മാരുമായി’ സൗഹൃദത്തിലാണെന്നും ആക്ഷേപമുണ്ട്. നേരത്തേ സ്വകാര്യ ബസുകള്‍ ഓടിച്ചവരാകും കെ.എസ്.ആര്‍.ടി.സിയിലെ ചില ഡ്രൈവര്‍മാര്‍. ഈ ബന്ധവും സ്വകാര്യ ബസ് ഉടമകള്‍ മുതലെടുക്കുന്നുണ്ടത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.