സര്‍വിസ് പിസ്റ്റളില്‍നിന്ന് വെടിയേറ്റ് മരിച്ച അസി. കമാന്‍ഡന്‍റിന് യാത്രാമൊഴി

ചിങ്ങവനം: ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സ്വന്തം തോക്കില്‍നിന്ന് വെടിയേറ്റു മരിച്ച തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്പിലെ അസി. കമാന്‍ഡന്‍റ് പനിച്ചിക്കാട് കുഴിമറ്റം വെള്ളൂത്തുരുത്തി കുലച്ചാങ്കല്‍ സാബു മാത്യുവിനു നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് കുടുംബവീടായ വെള്ളൂത്തുരുത്തിയില്‍ മൃതദേഹം എത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് പൊലീസ് ബഹുമതികളോടെ വെള്ളൂത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. തൃപ്പൂണിത്തുറ നഗരത്തിലെ പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. സാബുവിന്‍െറ വയറിനും നെഞ്ചിനും ഇടയിലാണ് സര്‍വിസ് പിസ്റ്റളില്‍നിന്നുമുള്ള വെടിയേറ്റത്. ഉടന്‍ ജീപ്പിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബുവിന്‍െറ മരണവാര്‍ത്തയറിഞ്ഞ് പുലര്‍ച്ചെ മുതല്‍ സൃഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുകണക്കിനാളുകള്‍ വെള്ളൂത്തുരുത്തിയിലെ കുടുംബവീട്ടിലത്തെി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ആര്‍. സുനില്‍ കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ, ബ്ളോക് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.