കോട്ടയം: മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ തയാറായ കര്‍ഷകരുടെ 26 ഏക്കര്‍ ഭൂമിയുടെ മാപ്പിങ് പൂര്‍ത്തിയായി. അടുത്തഘട്ടമായി കായലിലെ വെള്ളം വറ്റിച്ച് ഓരോരുത്തരുടെയും ഭൂമിയുടെ സ്കെച്ച് തയാറാക്കും. വെള്ളം വറ്റിക്കുന്നതിനും തകര്‍ന്ന് ഭാഗത്തെ ബണ്ടുകള്‍ പുനര്‍നിര്‍മിക്കുന്നതിനുമായി കൃഷി വകുപ്പ് ക്ഷണിച്ച ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. എട്ട് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തിരിക്കുന്നത്. ഇതില്‍ കുറഞ്ഞ തുക നല്‍കിയ കൊച്ചി കമ്പനിക്ക് കരാര്‍ നല്‍കിയേക്കും. തുടര്‍പരിശോധനക്കുശേഷം അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കലക്ടര്‍ സി.എ. ലത അറിയിച്ചു. 80 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുക. തവണകളായി തുക നല്‍കുന്ന വ്യവസ്ഥയില്‍ വികസനപ്രവര്‍ത്തനം ഘട്ടം ഘട്ടമായി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശവും പൂര്‍ത്തിയാക്കേണ്ട സമയക്രമവും കരാറില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം മെത്രാന്‍ കായല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ കൃഷി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ശനിയാഴ്ച കലക്ടറേറ്റില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. സീസണില്‍ കൃഷിയിറക്കേണ്ടതിനാല്‍ സമയബന്ധിതമായി അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കുന്നതിനാണ് സമയക്രമം കരാറില്‍ ഉള്‍പ്പെടുത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു. റാണി-ചിത്തിര മാതൃകയില്‍ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. സീസണ്‍ കഴിഞ്ഞാല്‍ കൃഷി ഇറക്കാന്‍ കഴിയാതെ വരുമെന്നതിനാല്‍ മണ്ണൊരുക്കല്‍വരെയുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനമായി. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമി ഫിലിപ്പ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടെസി ജോസഫ്, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞ പ്രഫ. ലീല കുമാരി, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, പുഞ്ച സ്പെഷല്‍ ഓഫിസര്‍ പി.എ. റസീന, ഡെപ്യൂട്ടി കലക്ടര്‍ സണ്ണി ജോണ്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ജെ. ജോര്‍ജ്, പി.ഡബ്ള്യു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുല്‍ വഹീദ്, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിനു ഉണ്ണിത്താന്‍, അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ റാണി വര്‍ഗീസ്, പാടശേഖര സമിതി സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.