ജില്ലയില്‍ ഈമാസം മാത്രം കടിയേറ്റത് 271 പേര്‍ക്ക്

കോട്ടയം: തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചതോടെ ജില്ലയും ഭീതിയുടെ നിഴലില്‍. ഈമാസം മാത്രം ഇതുവരെ 271 ആളുകള്‍ നായ്ക്കളുടെ കടിയേറ്റ് ചികിത്സക്കത്തെിയതായാണ് ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണക്ക്. ഏറെക്കാലമായി നായ്ക്കളുടെ ശല്യത്തില്‍ ജനം പൊറുതി മുട്ടുമ്പോഴും നിസ്സംഗരായി നില്‍ക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ശക്തിയാര്‍ജിക്കുകയാണ്. പേവിഷബാധക്കെതിരെയുള്ള വാക്സിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറയുമ്പോഴും സമയത്തിന് ലഭിക്കാതെ ഒട്ടേറെപ്പേര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ആറുമാസത്തില്‍ നായയുടെ കടിയേറ്റ് ചികിത്സക്കത്തെുന്നവരുടെ നിരക്ക് മുന്‍കാലത്തേക്കാള്‍ രണ്ടിരട്ടിയില്‍ അധികമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ത്തന്നെ ജൂണ്‍ മുതലുള്ള നായശല്യത്തില്‍ ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഈവര്‍ഷം നായയുടെ കടിയേറ്റ് എത്തിയത് 1952 പേരാണ്. കടുത്തുരുത്തി മേഖലയിലാണ് ഏറ്റവും കൂടുതല്‍ നായയുടെ ആക്രമണം മനുഷ്യര്‍ക്ക് നേരെയുണ്ടായ പ്രദേശം. ഇവിടെ വളര്‍ത്തുമൃഗങ്ങളും വളര്‍ത്തുപക്ഷികളും വരെ നായയുടെ കൂട്ടക്കൊലക്ക് ഇരയായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നടന്നത്. മേയിലും ജൂണിലുമായി മാഞ്ഞൂര്‍ പഞ്ചായത്തിലെ മേമ്മുറിയില്‍ 300 കോഴികള്‍, കല്ലറ പെരുന്തുരുത്തില്‍ കോഴികള്‍, കുറുപ്പുന്തുറയില്‍ 250 താറാവുകള്‍, ഞീഴൂരില്‍ 350 കോഴികള്‍, നാല് ആടുകള്‍ എന്നിങ്ങനെയാണ് നായകളുടെ ഇരയായത്. വീടുകളിലും മറ്റും വലക്കൂട് തകര്‍ത്താണ് കോഴികളെയും താറാവിനെയും നായ്ക്കൂട്ടം രാത്രിയിലത്തെി കടിച്ച് കൊന്നിട്ടത്. തത്തപ്പള്ളിയില്‍ പാടത്ത് കെട്ടിയ ആടിനെ പട്ടാപ്പകലാണ് കടിച്ചുകൊന്നത്. ആയാംകുടിയില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാര്‍ഥിയും തെരുവുനായയുടെ ആക്രമണത്തിനിരയായി. മോനിപ്പള്ളിയില്‍ ആറ് വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചത് പ്രദേശത്ത് ഏറെ പരിഭ്രാന്തി പരത്തി. ചങ്ങനാശേരി പായിപ്പാട് രണ്ടുമാസം മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലനെ തെരുവുനായ കടിച്ചുപറിച്ച് ഗുരുതരാവസ്ഥയിലായ സംഭവം. നിലവിളികേട്ടത്തെിയ നാട്ടുകാര്‍ കല്ളെറിഞ്ഞ് നായയെ ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. സ്വന്തം വീട്ടുമുറ്റത്തുപോലും മനുഷ്യര്‍ തെരുവുനായ്ക്കളില്‍നിന്ന് സുരക്ഷിരതല്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിച്ചത്. തെങ്ങണാക്കവലയില്‍ ബസ് കാത്ത് അമ്മക്കൊപ്പംനിന്ന കുട്ടിയെ നായ ആക്രമിച്ചിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ചങ്ങനാശേരി മാര്‍ക്കറ്റില്‍ വെച്ച് തെരുവുനായയുടെ കടിയേറ്റ വ്യാപാരിക്ക് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മടങ്ങിയ സംഭവമുണ്ടായി. പുഴവാത് ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി കോഴികളെ നായ്ക്കള്‍ കൊന്നു.മുന്‍കാലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവുനായ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കിയിരുന്നു. നായ പിടിത്തത്തിന് പ്രത്യേക പരിശീലനം സിദ്ധിച്ചവര്‍ കുരുക്കിട്ടുപിടിച്ച നായ്ക്കളെ മരുന്ന് കുത്തിവെച്ചു കൊന്നൊടുക്കുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. പിന്നീട് നായ്ക്കളെ കൊല്ലുന്നതിന് നിരോധം വന്നതോടെയാണ് വന്ധ്യംകരണം പദ്ധതി ആസൂത്രണം ചെയ്തത്. കോട്ടയത്ത് ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലും പാലായില്‍ നരസഭയുടെ നേതൃത്വത്തിലുമാണ് ഇതിനായി കേന്ദ്രങ്ങള്‍ ആരംഭിച്ചത്. രണ്ടിടത്തും തുടക്കത്തിലുണ്ടായിരുന്ന ശൂരത്വം പിന്നീട് ഇല്ലാതായതോടെ പദ്ധതി ലക്ഷ്യം കണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.