യൂത്ത് കോണ്‍ഗ്രസിന്‍െറ ഇടുക്കി മെഡിക്കല്‍ കോളജ് മാര്‍ച്ചില്‍ സംഘര്‍ഷം

ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റും പ്രവര്‍ത്തകരുമടക്കം 13പേര്‍ക്കും ഇടുക്കി സി.ഐ ഉള്‍പ്പെടെ ഒമ്പതു പൊലീസുകാര്‍ക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ബിജോ മാണി, കൊന്നത്തടി മണ്ഡലം പ്രസിഡന്‍റ് ബിനീഷ് അഗസ്റ്റിന്‍, പ്രവര്‍ത്തകന്‍ സെബിന്‍ എബ്രഹാം, ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫ്, ഇടുക്കി സ്റ്റേഷനിലെ എസ്.ഐ ഗോപിനാഥന്‍, എ.എസ്.ഐ സെബാസ്റ്റ്യന്‍, പൊലീസുകാരായ എം.ഡി. ദിലീപ്, കെ.പി. ബിജുമോന്‍, കെ.പി. പ്രതാപ്, അന്‍സാര്‍, സി.പി. ബൈജു, സിബി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിസ്സാര പരിക്കുമുണ്ട്. രാവിലെ 10ന് ചെറുതോണിയില്‍നിന്നാരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളജിന്‍െറ പ്രവേശ കവാടത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രാവിലെ തന്നെ തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ്, ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫ്, കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ്, കാളിയാര്‍ സി.ഐ അഗസ്റ്റിന്‍, കഞ്ഞിക്കുഴി സി.ഐ വര്‍ഗീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ 700ഓളം പൊലീസുകാരെ മെഡിക്കല്‍ കോളജ് പരിസരത്ത് വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിനുശേഷം പ്രവര്‍ത്തകര്‍ തൊടുപുഴ-പുളിയന്മല സംസ്ഥാന പാത 20 മിനിറ്റോളം ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 150ഓളം പേര്‍ക്കെതിരെയും ഇടുക്കി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.