ഇതരസംസ്ഥാന തൊഴിലാളിയുടെകൊല: പ്രതി റിമാന്‍ഡില്‍

ഏറ്റുമാനൂര്‍: പാറോലിക്കലില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പാറോലിക്കല്‍ കവലയിലെ ജയം സ്റ്റോണ്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ ചന്ദ്രമണി ദുര്‍ഗ (ജഗു -28) കൊല്ലപ്പെട്ട സംഭവത്തില്‍ സഹവാസിയും ഒഡിഷ സ്വദേശിയുമായ ശശികുമാര്‍ നായ്കിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. ഇരുവരെയും കെട്ടിടത്തിനുപുറത്ത് കാണാത്തതോടെ താഴെയുള്ള വ്യാപാരികള്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് ചന്ദ്രമണി ദുര്‍ഗയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. ഇരുവരും രാത്രി തര്‍ക്കമുണ്ടായെന്നും തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊലക്കുശേഷം കടന്നുകളഞ്ഞ ശശികുമാറിനെ സംഭവദിവസം വൈകീട്ട് 3.30ന് ഗുരുവായൂര്‍ ക്ഷേത്രത്തിനുസമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രാത്രി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം തിങ്കളാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി. കൊലക്കുശേഷം മുറിവേറ്റ കൈയുമായി ഏറ്റുമാനൂരിലെ എ.ടി.എം കൗണ്ടറിലത്തെി പണം എടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലത്തെി ചികിത്സ തേടി. അവിടെനിന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലത്തെി മുറിവു വെച്ചുകെട്ടിയശേഷമാണു ശശി കുമാര്‍ കടന്നുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ പരിധി മനസ്സിലാക്കി പിന്തുടര്‍ന്ന പൊലീസ് ഉച്ചകഴിഞ്ഞ് ഇയാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്‍െറ കിഴക്കേനടക്കുസമീപം ഇതരസംസ്ഥാന തൊഴിലാളികളുടെ സങ്കേതത്തിലുണ്ടെന്നു മനസ്സിലാക്കി. ഗുരുവായൂര്‍ ടെമ്പിള്‍, ഗുരുവായൂര്‍, ചാവക്കാട് പൊലീസ് സ്റ്റേഷനുകളില്‍നിന്നായി നൂറോളം വരുന്ന പൊലീസ് സംഘം താവളം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പിന്നീട് പ്രതിയെ വിവിധയിടങ്ങളില്‍ തെളിവെടുപ്പിന് എത്തിച്ചു. കൊലക്ക് ഉപയോഗിച്ച കത്തിയും കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രവും പൊലീസ് കണ്ടെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചന്ദ്രമണി ദുര്‍ഗയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.