വിദ്യാലയ മുത്തശ്ശിയുടെ നവീകരണത്തിന് വഴിതെളിയുന്നു

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ ആദ്യ വിദ്യാലയവും വിദ്യാഭ്യാസ പുരോഗതിയിലെ നാഴികക്കല്ലുമായിരുന്ന ഗവ. ഗേള്‍സ് ഹൈസ്കൂളിന്‍െറ നവീകരണത്തിന് വഴിതെളിയുന്നു. അവഗണനയുടെ പര്യായമായി മാറിയ 131വര്‍ഷം പഴക്കമുള്ള ഗേള്‍സ് ഹൈസ്കൂളിനെ ആധുനിക സൗകര്യങ്ങളോടെ സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ ആര്‍ക്കിടെക്റ്റിനെ ചുമതലപ്പെടുത്തി. ഇതിനായി ആസ്തി വികസന ഫണ്ടില്‍നിന്ന് ഈവര്‍ഷം ഒരുകോടി മാറ്റിവെക്കുമെന്ന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒന്നാംനിര വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് സ്കൂളിനെ എത്തിക്കുക എന്നതാണ് തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കാവ് ഗവ. സ്കൂളിന്‍െറ മാതൃകയാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഞ്ച് പഴയ കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. ഇവയില്‍ ഒന്ന് അണ്‍ഫിറ്റാണ്. രണ്ടുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണി തീര്‍ത്ത് നവീകരിച്ച കെട്ടിടത്തിലാണ് യു.പി വിഭാഗം പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഇവിടെ ഈവര്‍ഷം അഞ്ചുമുതല്‍ പത്തുവരെ ക്ളാസുകളിലായി ആകെയുള്ളത് 54 കുട്ടികള്‍. കഴിഞ്ഞ വര്‍ഷം 64 കുട്ടികള്‍ ഉണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളെ അപേക്ഷിച്ച് ഒട്ടും അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു. 1880 കാലഘട്ടത്തില്‍ അധ്യാപകര്‍ക്കുള്ള ട്രെയ്നിങ് സൗകര്യത്തോടുകൂടി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഒന്നാംതരം മുതല്‍ ആരംഭിച്ച സ്കൂള്‍ 1974ല്‍ വിഭജിച്ചു. ട്രെയ്നിങ് സെന്‍ററും എല്‍.പി വിഭാഗവും ബി.ടി.എസ് എന്ന പേരില്‍ മഹാദേവക്ഷേത്രത്തിന്‍െറ പടിഞ്ഞാറേ നടയിലേക്ക് മാറ്റി. ആണ്‍കുട്ടികളുടെ യു.പി വിഭാഗം സഹിതം ബോയ്സ് ഹൈസ്കൂള്‍ സെന്‍ട്രല്‍ ജങ്ഷന് സമീപത്തേക്കും മാറ്റി. ബോയ്സ് സ്കൂള്‍ പിന്നീട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അതിരമ്പുഴ റോഡരികില്‍ തുടര്‍ന്ന ഗേള്‍സ് ഹൈസ്കൂള്‍ അധോഗതിയിലുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.