ഉഴവൂരിലെ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കുറവിലങ്ങാട്: സംസ്ഥാനത്തെ ആറാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തേതുമായ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍െറ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മോട്ടോര്‍ വാഹന വകുപ്പ് ഉഴവൂര്‍ സബ് റീജിനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്‍െറ കീഴില്‍ മോനിപ്പള്ളി കല്ലിടുക്കിയിലാണ അത്യാധുനിക ടെസ്റ്റിങ് സ്റ്റേഷന്‍ വരുന്നത്. 50 സെന്‍റ് സ്ഥലത്താണ് നിര്‍മാണം. ഇതിന്‍െറ ട്രയല്‍ റണ്‍ നടന്നുവരുകയാണ്. അടുത്തമാസം ഇതിന്‍െറ ഉദ്ഘാടനം നടക്കുമെന്ന് ഉഴവൂര്‍ ജോയിന്‍റ് ആര്‍ ടി ഓഫിസര്‍ ആദര്‍ശ് പറഞ്ഞു. ടെസ്റ്റിങ്ങിനത്തെുന്ന വാഹനങ്ങള്‍ നിലവില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കുകയാണ്. പുതിയ സംവിധാനം വരുന്നതോടെ പരിശോധനകള്‍ ഇനി ഉപകരണങ്ങളുടെ സഹായത്തോടെയാവും. വിവിധഘട്ടങ്ങളിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് ഒടുവില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ പരിശോധനാഫലം പ്രഖ്യാപിക്കും. രണ്ടാംഘട്ടമായി ഡ്രൈവിങ് ടെസ്റ്റിങ് സ്റ്റേഷനും ഇതിനാപ്പം നിര്‍മിക്കുന്നുണ്ട്. ഇതിന്‍െറ നിര്‍മാണജോലികള്‍ക്കും ഉടന്‍ തുടക്കമാവും. ഇതിന്‍െറ ഭാഗമായി വിശാലമായ ടെസ്റ്റിങ് ഗ്രൗണ്ടിനും രൂപം നല്‍കുന്നുണ്ട്. ഉപകരണങ്ങളുടെ സഹായത്തോടെയാവും ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കുക. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ആവിഷ്കരിച്ച വിഷന്‍ 2015 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.എല്‍.എ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മോനിപ്പള്ളിയില്‍ ആധുനിക നിലവാരത്തിലുള്ള സെന്‍റര്‍ അനുവദിച്ചുകിട്ടിയത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന് ഏറ്റെടുത്ത മോനിപ്പള്ളിയിലുള്ള സ്ഥലം മോട്ടോര്‍ വാഹനവകുപ്പിന് കൈമാറാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടതുപ്രകാരം മന്ത്രി പി.ജെ. ജോസഫ് അനുകൂല നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് മോനിപ്പള്ളി പ്രോജക്ട് യാഥാര്‍ഥ്യമായത്. തുടര്‍ന്ന് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ ഐ.പി.എസ് സ്ഥലം സന്ദര്‍ശിച്ച് മൂന്നുകോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതി നല്‍കി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണിനെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആധുനികരീതിയില്‍ യന്ത്രസഹായത്തോടെ വാഹനങ്ങളുടെ പരിശോധന നടത്താന്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷനില്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മോട്ടോര്‍വാഹന വകുപ്പിന് സ്ഥലം കൈമാറുന്നത് സംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.