ഇടുക്കിയില്‍ വ്യാജമദ്യ നിര്‍മാണം വ്യാപകം

തൊടുപുഴ: ഇടുക്കിയുടെ വനമേഖല കേന്ദ്രീകരിച്ചും അതിര്‍ത്തി പ്രദേശങ്ങളിലും വ്യാജമദ്യ നിര്‍മാണം വ്യാപകം. മദ്യത്തിന്‍െറ ലഭ്യത കുറഞ്ഞയിടങ്ങളിലും തോട്ടം ആദിവാസി മേഖലകളിലുമാണ് വ്യാജമദ്യം നിര്‍മിച്ച് വന്‍തോതില്‍ വിറ്റഴിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഷെഡ് കെട്ടിയും വാടകക്കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചുമാണ് നിര്‍മാണം. ബാറുകള്‍ പൂട്ടിയതോടെ ഹൈറേഞ്ചില്‍ നിര്‍മിക്കുന്ന മദ്യം എത്തിച്ചുനല്‍കാന്‍ ഓരോ മേഖലകളിലും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചു. രാത്രിയാണ് മദ്യം കടത്തുന്നത്. തമിഴ് തോട്ടംതൊഴിലാളികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ആദിവാസികളെയും ഉപയോഗിച്ച് ചാരായവാറ്റും നടത്തുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃത മദ്യനിര്‍മാണവും വില്‍പനയും വ്യാപകമാകുന്നതായി പൊലീസിനും വിവരംലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയും വനത്തിലെ ഊടുവഴികളിലൂടെയും ലോഡുകണക്കിന് വിദേശമദ്യവും സ്പിരിറ്റും കോടയും ഇറക്കുമതി ചെയ്യാനും വില്‍പന നടത്താനും പ്രത്യേകം പരിശീലനം നേടിയവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമറിയാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഇടവഴികളിലും പ്രധാന പാതകളിലും ഇവര്‍ എപ്പോഴുമുണ്ടാകും. ഇത്തരം സംഘങ്ങളില്‍നിന്ന് മദ്യം മൊത്തമായി വിലക്കെടുത്ത് മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ചില്ലറ വില്‍പനക്ക് എത്തിക്കുന്നവരുമുണ്ട്. ഇതിന് മിക്ക സ്ഥലത്തും പ്രത്യേക ഏജന്‍റുമാരുണ്ട്. കമീഷന്‍ വ്യവസ്ഥയിലാണ് വില്‍പന. ഇതരസംസ്ഥാന തൊഴിലാളികളെയും മദ്യവില്‍പനക്ക് ഉപയോഗിക്കുന്നുണ്ട്. 500 മുതല്‍ 1000 രൂപവരെ കൂലിയും നല്‍കും. ഹൈറേഞ്ചില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ചാരായവും വ്യാജമദ്യവും വിറ്റഴിക്കാന്‍ സമാന്തര ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് വ്യാജമദ്യ ലോബി കോടികളുടെ മദ്യമാണ് ഇടുക്കിയില്‍ വിറ്റഴിച്ചത്. വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വനമേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നെല്‍സണ്‍ വ്യക്തമാക്കി. ആഗസ്റ്റ് 10 മുതല്‍ വ്യാജമദ്യ വില്‍പനക്കെതിരെ പ്രത്യേക പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.