3000 ഗര്‍ഭിണികളുടെ വിവരം ശേഖരിച്ചു; കുടുക്കിയത് ഒന്നരവര്‍ഷം മുമ്പ് വന്ന പാര്‍സല്‍

കോട്ടയം: അതിരമ്പുഴ കൊലപാതകത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിന്‍െറ ഫലമാണ് പ്രതിയെ കുടുക്കിയതെന്നും തുടക്കം മുതല്‍ തെളിവുകള്‍ നഷ്ടപ്പെടാതെ അന്വേഷണം നടത്തിയെന്നും ജില്ലാ പൊലീസ് മേധാവി. ആദ്യദിനത്തില്‍ മതിയായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് ശേഖരിച്ചത് സ്ഥലത്തെ മൊബൈല്‍ ടവറുകളുടെ കീഴില്‍ വരുന്ന ആയിരക്കണക്കിന് പേരുടെ വിവരങ്ങളാണ്. ജില്ലക്ക് പുറത്തുനിന്ന് കാണാതായ യുവതികളെപ്പറ്റിയും ഗര്‍ഭിണിയായ യുവതികളെപ്പറ്റിയും അന്വേഷിച്ച പൊലീസ് നിരവധി പേരുടെ കാളുകള്‍ നിരീക്ഷിച്ചു. 3000 ഗര്‍ഭിണികളുടെ വിവരം ശേഖരിച്ചു. ഇതില്‍ ചികിത്സ നിര്‍ത്തിപ്പോയ മുപ്പതോളം ഗര്‍ഭിണികളെ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തി. പിന്നീട് മൊബൈല്‍ ടവറുകളുടെ കീഴില്‍വരുന്ന ഏഴായിരത്തോളം മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് സംശയം തോന്നിയ നാല്‍പതോളം നമ്പറുകള്‍ കേന്ദ്രീകരിച്ചായി വിശദമായ അന്വേഷണം. എന്നാല്‍, മരിച്ച യുവതിയെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. പിന്നീട് മൃതദേഹം പൊതിഞ്ഞിരുന്ന പ്ളാസ്റ്റിക്കില്‍ കാണപ്പെട്ട ബാര്‍ കോഡാണ് വഴിത്തിരിവായത്. ഒന്നരവര്‍ഷം മുമ്പ് സൗദിയില്‍നിന്ന് കേരളത്തിലേക്കുവന്ന ഇതില്‍ കാണപ്പെട്ട ബാര്‍ കോഡാണ് പ്രതിയിലേക്ക് എത്തിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭാര്യ പ്രതിക്ക് അയച്ച സാധനങ്ങളുടെ പാര്‍സല്‍ കവറായിരുന്നു ഇത്. 2015 നവംബറില്‍ ന്യൂഡല്‍ഹിയില്‍നിന്ന് മംഗലാപുരത്തിന് അയച്ചതാണെന്നു മനസ്സിലാക്കി. അവിടെനിന്ന് അത് കോഴിക്കോട് എത്തി. ഈ കൊറിയര്‍ കോഴിക്കോട്ട് ആര്‍ക്ക് വന്നതാണെന്ന് കണ്ടത്തെി. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ കൊറിയര്‍ കമ്പനിയിലേക്ക് ഇത് എത്തിയെന്ന് മനസ്സിലാക്കി. തുടര്‍ന്ന് യൂസഫിനാണ് കൊറിയര്‍ വന്നതെന്ന് മനസ്സിലാക്കി. പ്രതിയുടെ മേല്‍വിലാസത്തില്‍ ലഭിച്ച കവറിനെപ്പറ്റി പൊലീസ് ചോദിച്ചപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ഏഴു മാസം മുമ്പ് കളഞ്ഞെന്നായിരുന്നു മറുപടി. കോട്ടയം ശാസ്ത്രി റോഡിലുള്ള സര്‍ജിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന യൂസഫ് നാട്ടില്‍ മാന്യനും സൗമ്യനുമായിരുന്നു. അതിനാല്‍ സംശയം തോന്നിയിട്ടും ഇയാളിലേക്ക് പൊലീസ് എത്താനായില്ല. ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാളെ കാട്ടി. കണ്ടയുടന്‍ ഇത് അശ്വതിയാണെന്നും തനിക്കറിയാമെന്നും ഇയാള്‍ പറഞ്ഞു. അയല്‍വാസിയായ ഈകുട്ടിയെ കുറേനാളായി കാണാനില്ളെന്നും പറഞ്ഞു. ഇയാള്‍ വേഗത്തില്‍ പ്രതികരിച്ചതില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചുരുള്‍ അഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.