നാഗമ്പടം നടപ്പാലം അടച്ചിട്ട് ആഴ്ചകള്‍; പണി ആരംഭിക്കാന്‍ നടപടിയില്ല

കോട്ടയം: നാഗമ്പടം നടപ്പാലം അടച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങാന്‍ നടപടിയില്ല. ജോലികള്‍ എന്നാരംഭിക്കുമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. പണി നടത്തുന്നതിനാവശ്യമായ തുക കോട്ടയം നഗരസഭ അടച്ചെങ്കിലും ടെന്‍ഡര്‍ നടപടിപോലും ഇതുവരെ റെയില്‍വേ അധികൃതര്‍ ആരംഭിച്ചിട്ടില്ല. ആഴ്ചകള്‍ക്ക്മുമ്പ് തകര്‍ന്ന പാലം പുതുക്കപ്പണിത് എത്രയും വേഗം തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടേത് അനങ്ങാപ്പാറ നയമാണ്. മുന്നോട്ടുള്ള പണികളുടെയും മറ്റും മേല്‍നോട്ടം ഡിവിഷന്‍ ഓഫിസിലാണെന്നിരിക്കെ ഇവിടെനിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ളെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടിക്കുശേഷമേ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കൂ. ഇതിനുള്ള നടപടിപോലും ആരംഭിച്ചിട്ടില്ല. നഗരസഭ പണം അടച്ചില്ളെന്ന സംശയം അധികൃതര്‍ ഉയര്‍ത്തുമ്പോള്‍ പണം മുഴുവന്‍ അടച്ചുകഴിഞ്ഞതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി. പാലം പണിക്കായി 28.70 ലക്ഷം രൂപ ചെലവാകുമെന്നാണ് റെയില്‍വേയുടെ വാദം. ഇതില്‍ 15 ലക്ഷം രൂപ പാലത്തിന്‍െറ ജോലികള്‍ക്കും ബാക്കി തുക പണി നടത്തുന്നതിനായി റെയില്‍വേക്കുള്ള തുകയുമാണ്. ഇതില്‍ പാലം പണിക്കുള്ള തുക നഗരസഭ നേരത്തേ അടച്ചിരുന്നെങ്കിലും ബാക്കി തുക സംബന്ധിച്ച് റെയില്‍വേ-നഗരസഭ അധികൃതര്‍ തമ്മിലുണ്ടായ തര്‍ക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളാന്‍ കാരണമായി. റെയില്‍വേ ആവശ്യപ്പെട്ട തുക കൂടുതലാണെന്നും തുക കുറക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആറു ലക്ഷത്തോളം രൂപ കുറച്ചു. ബാക്കിവന്ന ഏഴു ലക്ഷത്തിലധികം തുക അടച്ചതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി. എന്നിട്ടും പണി നീളുന്നതു യാത്രികര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനാണു കാരണമാകുന്നത്. നിലവില്‍ നാഗമ്പടം ഹോമിയോ ആശുപത്രിക്കു സമീപത്തെ മതിലിന്‍െറ വിടവിലൂടെയാണ് കാല്‍നടക്കാര്‍ പാളം മുറിച്ചുകടന്ന് യാത്ര ചെയ്യുന്നത്. ഇത് വന്‍ അപകട ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.