പരിസ്ഥിതി വസ്തുതാന്വേഷണ സമിതിക്ക് മുന്നില്‍ പരാതി പ്രളയം

ഈരാറ്റുപേട്ട: കേരള നദീസംരക്ഷണ സമിതി സംസ്ഥാനതലത്തില്‍ രൂപം കൊടുത്ത പരിസ്ഥിതി വസ്തുതാന്വേഷണ സമിതിയുടെ ജില്ലാതല സിറ്റിങ്ങില്‍ പരിഗണനക്ക് എത്തിയത് നൂറോളം പരാതികള്‍. പാലാ വൈ.എം.സി.എ ഹാളില്‍ നടത്തിയ സിറ്റിങ് നട്ടാശ്ശേരി സ്വദേശി കെ. തങ്കപ്പന്‍െറ പരാതി സ്വീകരിച്ച് കിഴതടിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി. കാപ്പന്‍ ഉദ്ഘാടനം ചെയ്തു. പുറമ്പോക്ക് കൈയേറ്റത്തിനെതിരെ പരാതിപ്പെട്ടതിന്‍െറ പേരില്‍ മൂന്നുകോടി രൂപയുടെ മാനനഷ്ടക്കേസില്‍ പ്രതിയാക്കപ്പെട്ടയാളാണ് തങ്കപ്പന്‍. വസ്തുതാന്വേഷണ സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. നാഗമ്പടത്തെ ഫ്ളാറ്റ് സമുച്ചയം, ആറ്റുതീര കൈയേറ്റം, മീനച്ചിലാര്‍ മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ലഭിച്ചു. രാമപുരത്തെ കുറിഞ്ഞികൂമ്പന്‍, നാടുകാണി, കയ്യൂരിലെ തേവര്‍ മല നാടുകാണി മല, ചാത്തമല, ചാത്തന്‍കുളത്തെ വട്ടപ്പാറ, കൊടുകുത്തി, പെരുങ്കുന്ന്, മൈലാടുംപാറ, കളത്തൂക്കടവ്, ഉള്ളനാട്, അന്ത്യാളം, മൂന്നിലവ്, കിഴതിരി, താന്നിപ്പാറ, തിടനാട് വട്ടപ്പാറ, പാലാ കയ്യൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പാറമടകള്‍ക്കെതിരെ പരാതി ലഭിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് ജോസഫ് ചെറുവള്ളില്‍ നാലാം വാര്‍ഡിലെ നിലം നികത്തിനെതിരെ പരാതി നല്‍കി. കളനാശിനി, കീടനാശിനി പ്രയോഗത്തിലൂന്നിയ കൈതകൃഷിക്കെതിരെ കര്‍ഷകര്‍ പരാതിയുമായത്തെി. മീനച്ചിലാറിന് കുറുകെ ആവശ്യമായ പഠനം കൂടാതെ വലിയ ചെക്ഡാമുകള്‍ നിര്‍മിക്കാനും ടൗണ്‍ കേന്ദ്രീകരിച്ച് ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റികളിലെ മലിനീകരണത്തിനും മൂന്നാനിയില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറിനും ചകിണിത്തോട് കൈയേറ്റത്തിനും എതിരെ പരാതിയുണ്ടായി. മീനച്ചിലാറ്റില്‍ അനുയോജ്യമല്ലാത്ത ഇനം മത്സ്യങ്ങളെ നിക്ഷേപിക്കുന്നതും പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ മീനച്ചിലാര്‍ കൈയേറുന്നതും പരാതിയായി. നെല്‍വയല്‍ നികത്തലും പൊതുസ്ഥലത്ത് പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെയും നിരവധി പരാതി ലഭിച്ചു. അങ്കമാലി-ശബരി റെയില്‍വേ ലൈന്‍ സംബന്ധിച്ച് എട്ടോളം പരാതികളാണ് സമിതി മുമ്പാകെ വന്നത്. പ്രഫ. എം.കെ. പ്രസാദ് ചെയര്‍മാനായി സംസ്ഥാനതലത്തില്‍ രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയുടെ ജില്ലാതല സിറ്റിങ്ങില്‍ ടി.വി. രാജന്‍, ടി.എന്‍. പ്രതാപന്‍, ഏലൂര്‍ ഗോപിനാഥ്, സുഭീഷ് ഇല്ലത്ത് എന്നീ അംഗങ്ങള്‍ പങ്കെടുത്തു. കോട്ടയം നാട്ടുകൂട്ടം, കോട്ടയം നേച്ചര്‍ സൊസൈറ്റി, വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കര്‍ഷകവേദി, കര്‍ഷക രക്ഷാസമിതി, മീനച്ചില്‍ നദീസംരക്ഷണസമിതി, ഗ്രീന്‍ സ്റ്റെപ്സ്, മീനച്ചിലാര്‍ പുനര്‍ജനി കര്‍മസമിതി, ഗ്രാമ, ഓയിസ്ക, ഭൂമിക തുടങ്ങി ഒട്ടനവധി സംഘടനകള്‍ പരാതി സമര്‍പ്പിച്ചു. മീനച്ചില്‍ നദീസംരക്ഷണ സമിതിയാണ് ജില്ലാതല പരാതി സ്വീകരണത്തിന്‍െറ സംഘാടനം നിര്‍വഹിച്ചത്. ഡോ. എസ്. രാമചന്ദ്രന്‍, സിസ്റ്റര്‍ റോസ് വൈപ്പന, എബി ഇമ്മാനുവല്‍, തോമസ് മാന്താടി, ഫിലിപ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.