കാട്ടാന ശല്യം തടയാന്‍ വനം വകുപ്പ് രംഗത്ത്

എരുമേലി: വനാതിര്‍ത്തിയായ കാരിശേരി, ഇഞ്ചക്കുഴി മേഖലകളിലെ കാട്ടാനശല്യം തടയാന്‍ വനം വകുപ്പ് രംഗത്ത്. കഴിഞ്ഞദിവസം പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടം പ്രദേശവാസികളെ മണിക്കൂറോളം ഭീതിയിലാഴ്ത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പ് നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടം പിന്‍വലിഞ്ഞത്. ഇതിനെതുടര്‍ന്ന് അഞ്ചു പേരടങ്ങുന്ന എലിഫന്‍റ് സ്ക്വാഡിനെ ഇവിടെ വിന്യസിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ വനാതിര്‍ത്തിയില്‍ പടക്കം പൊട്ടിക്കുന്നതടക്കമുള്ള മുന്‍കരുതലാണ് രണ്ടു ദിവസമായി നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനകളുടെ ആക്രമണത്തില്‍ നിരവധി സ്ഥലത്തെ കൃഷി നശിച്ചിരുന്നു. നേരത്തെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ വനത്തിന്‍െറ കിഴക്കേ ഭാഗത്ത് സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ വൈദ്യുതി വേലികള്‍ ഇല്ലാത്ത മറ്റ് ഭാഗങ്ങളിലൂടെ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങി തുടങ്ങി. തെങ്ങ്, വാഴ, കമുക്, കപ്പ മറ്റുചെറുകിട കൃഷികള്‍ അടക്കം വ്യാപകമായ കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തിയിരിക്കുന്നത്. ഒരു മാസം മുമ്പ് ഇരുമ്പൂന്നിക്കരയിലും കാട്ടാന ഇറങ്ങി കൃഷികള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍, കാട്ടാനകളുടെ ആക്രമണം തടയല്‍ ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വനാതിര്‍ത്തി മേഖലകളില്‍ സോളാര്‍ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനും അധികാരികള്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.