ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല: കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

കുറവിലങ്ങാട്: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനുകള്‍. സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, സീനിയര്‍ സിവില്‍ ഓഫിസര്‍മാര്‍ എന്നിവരുടെ കുറവ് നിലവില്‍ ജോലിചെയ്യുന്നവരെ വലക്കുകയാണ്. രണ്ട് സ്റ്റേഷനുകളിലുമായി 17 പൊലീസ് ഓഫിസര്‍മാരുടെ ഒഴിവുകളാണ് നിയമനം കാത്തുകിടക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ജോലിഭാരം രണ്ടിരട്ടിയിലേറെ വര്‍ധിച്ചിട്ടും ഓരോ സ്റ്റേഷനുകളിലെയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനോ നിയമനത്തിന് നടപടിയെടുക്കാനോ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്റ്റേഷനുകളിലേക്ക് ഓരോ ദിവസവും പുതിയ നിര്‍ദേശങ്ങളാണ് എത്തുന്നത്. ക്രമസമാധാനം മുതല്‍ മോഡിഫൈഡ് ബൈക്കുകളുടെ പരിശോധനയും ഇപ്പോള്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതിനാല്‍ നിരവധി ചുമതലകളാണ് ഇവര്‍ക്ക് നിര്‍വഹിക്കേണ്ടിവരുന്നത്. ജനമൈത്രി പൊലീസിന്‍െറ പ്രത്യേക സേവനങ്ങള്‍, സ്കൂളുകളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് എന്നിവയൊക്കെ അടുത്തകാലത്ത് പൊലീസിന് ലഭിച്ച പ്രത്യേക ജോലികളാണ്. ജില്ലയില്‍ ഈയിടെ നടപ്പാക്കിയ പരിഷ്കാരങ്ങളും ജോലിഭാരം വര്‍ധിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേക ഡ്യൂട്ടിക്കായി വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ വിന്യസിക്കുമ്പോള്‍ ടൗണ്‍ മേഖലകളില്‍ ഗതാഗത നിയന്ത്രണത്തിനുപോലും പൊലീസിനെ ലഭിക്കാത്ത സാഹചര്യമാണ്. പൊലീസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെ വിടവ് നികത്തണമെന്ന ആവശ്യം പലവട്ടം ഉന്നതാധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍, നടപടി കടലാസില്‍ ഉറങ്ങുകയാണ്. കുറവിലങ്ങാട് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, അഡീഷനല്‍ എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെ 15 ഉദ്യോഗസ്ഥരെകൂടി നിയമിച്ചാല്‍ മാത്രമെ പ്രവര്‍ത്തനം സുഗമമാകുകയുള്ളൂ. പൊലീസ് സ്റ്റേഷനുകളില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ ഒഴിവ് ഉണ്ടാകുമ്പോള്‍ എ.ആര്‍ ക്യാമ്പില്‍നിന്നാണ് ഓരോ സ്ഥലത്തേക്കും ഉദ്യോഗസ്ഥരെ നിയമിക്കുക. കെ.എ.പിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് എ.ആര്‍ ക്യാമ്പില്‍ എത്തുക. ഓരോ സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ വിരമിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കി ക്യാമ്പില്‍നിന്ന് നിയമിക്കുന്ന പതിവാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.