മരംമുറിക്കുന്നത് വനംവകുപ്പ് തടയുന്നു, പ്രതിഷേധവുമായി കര്‍ഷകര്‍

മുണ്ടക്കയം: പട്ടയഭൂമിയില്‍ മരംമുറിക്കുന്നത് വനംവകുപ്പ് തടയുന്നു, പ്രതിഷേധവുമായി കുടിയേറ്റ കര്‍ഷകര്‍.1964ലും 1972ലും സര്‍ക്കാര്‍ നല്‍കിയ എല്‍.എ പട്ടയം കൈവശമുള്ളവര്‍ക്കാണ് അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും മുറിക്കാന്‍ അനുവാദമില്ലാത്തത്. എരുമേലി വടക്ക്, തെക്ക്, കേരുത്തോട് വില്ളേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇതോടെ കൊമ്പുകുത്തി, കോസടി ,പനക്കച്ചിറ, കോരുത്തോട്, മേഖലകളില്‍ കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്. സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും അക്കാലം മുതല്‍ ഭൂമിയില്‍ ഉണ്ടായിരുന്നതും പിന്നീട് കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കുന്നതിനെയാണ് തടസ്സം നേരിടുന്നത്. തേക്ക്, ഈട്ടി, ഇരുപൂള്‍, വെള്ളിലാവ്, മരുതി, പ്ളാവ്, ഉള്‍പ്പെടെ നിരവധി മരങ്ങളാണ് കര്‍ഷകര്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. മുറിക്കാന്‍ പാകത്തിലായതോടെ അതിനൊരുങ്ങുന്ന കര്‍ഷകരെ സമീപിച്ച് അതിനെതിരെ നോട്ടീസ് നല്‍കുകയും മുറിച്ചുനീക്കുന്ന തടികളില്‍ സര്‍ക്കാര്‍ തടിയെന്ന ബോര്‍ഡ് സ്ഥാപിക്കുകയുമാണ് വനംവകുപ്പധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനു പനക്കച്ചിറയില്‍ കര്‍ഷകന്‍ മുറിച്ച തേക്ക് മരത്തില്‍ വനപാലകരത്തെി സര്‍ക്കാര്‍ തടിയെന്നു മുദ്രവെക്കുകയായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച എല്‍.എ പട്ടയങ്ങള്‍ക്കു മരംമുറിക്കരുതെന്ന വ്യവസ്ഥയുണ്ടെന്നും അതിനെതിരായി പ്രവര്‍ത്തിച്ചാല്‍ പിഴയും കേസുമെടുക്കുമെന്നും വനപാലകര്‍ പറയുന്നു. ഇതോടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ മുറിക്കാനൊരുങ്ങുന്ന കര്‍ഷകരാണ് വിലക്കില്‍ വലയുന്നത്. റവന്യൂ, വനംവകുപ്പ് അധികാരികളുടെ നിലപാടുകള്‍ക്കെതിരെ സമരപരിപാടികള്‍ ആവിഷ്കരിക്കാനാണ് കഴിഞ്ഞദിവസം കൂടിയ ഗ്രാമദീപ്തി സാസ്കാരിക സമിതിയുടെയും വിവിധ സംഘങ്ങളുടെയും തീരുമാനം. നവജീവന്‍, കാരുണ്യ, ഗ്രാമദീപം, അമ്മ, കാവേരി, വിശ്വദീപം എന്നീ സ്വാശ്രയസംഘങ്ങള്‍, ഗോള്‍ഡന്‍ ത്രെഡ്സ് ആര്‍ട്ട്സ് ക്ളബ് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ ജനകീയ സംരക്ഷണ സമിതിക്കു രൂപംനല്‍കി. ചെയര്‍മാനായി പി.ആര്‍. സുനില്‍ കുമാര്‍, കണ്‍വീനറായി കിരണ്‍ അഞ്ചനാട്ട്, ട്രഷററായി വി. മുരളിയെയും തെരഞ്ഞെടുത്തു. ആഗസ്റ്റ് 14ന് രണ്ടിന് പനക്കച്ചിറ ഗവ. സ്കൂളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായി യോഗം വിളിക്കുമെന്ന് ജനകീയ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. കര്‍ഷകര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിയമഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് നേതാക്കള്‍ വനംവകുപ്പ് മന്ത്രി കെ. രാജുവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.പി.എ. സലാം, മണ്ഡലം സെക്രട്ടറി, കെ.ടി. പ്രമദ്, ജില്ലാ കമ്മിറ്റി അംഗം ടി.കെ. ശിവന്‍, കെ.സി. കുമാരന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.