മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയേഷന്‍ യന്ത്രം തകരാറില്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ റേഡിയേഷന്‍ യന്ത്രമായ കോബാള്‍ട്ട് തകരാറില്‍. സംഭവത്തെ തുടര്‍ന്ന് റേഡിയേഷന്‍ ലഭിക്കാതെ കാന്‍സര്‍ രോഗികളുടെ നില ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ മുറിയുടെ മുന്നില്‍ നൂറുകണക്കിന് രോഗികളാണ് ഏറെ നേരം റേഡിയേഷനായി കാത്തുനിന്നത്. തിങ്കളാഴ്ച കോബാള്‍ട്ട് തകരാറിലായതാണ്. എന്നാല്‍, മൂന്നു ദിവസം പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളില്‍നിന്നുള്ള രോഗികള്‍ മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. തുടര്‍ച്ചയായി റേഡിയേഷന്‍ വേണ്ടുന്ന രോഗികളുടെ നില കൂടുതല്‍ വഷളായിരിക്കുകയാണ്. തുടര്‍ച്ചയായി റേഡിയേഷന്‍ ചെയ്താല്‍ മാത്രമേ അണുനശീകരണം സംഭവിക്കുകയുള്ളു. കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് റേഡിയേഷന് തീയതി നല്‍കി വിടുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് ആശുപത്രിയിലത്തെുന്ന രോഗികള്‍ ഇവിടെ എത്തുമ്പോള്‍ മാത്രമാണ് യന്ത്രം തകരാറിലാണെന്ന വിവരം അറിയുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ള രോഗികളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. അടുത്ത ദിവസം കോബാള്‍ട്ടിന്‍െറ തകരാര്‍ പരിഹരിക്കുമെന്ന് കരുതി ഇവര്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയാണ്. ഇതു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാണ് ഇടയാക്കിരിക്കുന്നത്. മൂന്നു ദിവസം പിന്നിട്ടിട്ടും കോബാള്‍ട്ടിന്‍െറ തകരാര്‍ പരിഹരിക്കാത്തതിനാല്‍ രോഗികള്‍ ആശുപത്രിയില്‍ ഏറെ നേരം അവശത അനുഭവിച്ച് കാത്തിരുന്നിട്ട് തിരികെ മുറിയിലേക്ക് പോകുകയാണ്. കാന്‍സര്‍ രോഗികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കോബാള്‍ട്ടിന്‍െറ തകരാര്‍ പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റേഡിയേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ തിരക്കുന്നതിന് ചെല്ലുന്ന രോഗികളോടും ബന്ധുക്കളോടും ജീവനക്കാര്‍ കയര്‍ത്തു സംസാരിക്കുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 18ല്‍പരം വര്‍ഷം പഴക്കമുള്ള കോബാള്‍ട്ട് ഉപയോഗിച്ചാണ് കാന്‍സര്‍ വിഭാഗത്തില്‍ റേഡിയേഷന്‍ നടത്തുന്നത്. കാലപ്പഴക്കം മൂലം ഈ യന്ത്രം അടിക്കടി തകരാറിലാകുകയാണ്. കഴിഞ്ഞ ആഴ്ചയും തകരാര്‍ സംഭവിച്ച് രോഗികള്‍ക്ക് റേഡിയേഷന്‍ മുടങ്ങിയിരുന്നു. എന്നാല്‍, അത്യാധുനിക റേഡിയേഷന്‍ യന്ത്രമായ ലീനിയര്‍ ആക്സിലേറ്റര്‍ ഇവിടെയുണ്ടെങ്കിലും നാമമാത്രമായ രോഗികള്‍ക്ക് മാത്രമേ ഒരു ദിവസം ഈ യന്ത്രത്തിന്‍െറ സഹായത്താല്‍ റേഡിയേഷന്‍ ചെയ്യുന്നുള്ളു. ലീനിയര്‍ ആക്സിലേറ്റര്‍ മുഖേന റേഡിയേഷന്‍ ചെയ്യുന്നതിന് സമയക്കൂടുതല്‍ വേണ്ടിവരുമെന്നതാണ് ഇതിനു കാരണം. ശരീരത്തിന്‍െറ മറ്റുഭാഗങ്ങളില്‍ റേഡിയേഷന്‍ രശ്മി പതിക്കാതെ രോഗബാധിത പ്രദേശത്ത് മാത്രം റേഡിയേഷന്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ലീനിയര്‍ ആക്സിലേറ്ററിന്‍െറ പ്രത്യേകത. എന്നാല്‍, ഭൂരിഭാഗം കാന്‍സര്‍ രോഗികള്‍ക്കും കാലപ്പഴക്കം ചെന്ന കോബാള്‍ട്ട് ഉപയോഗിച്ചാണ് റേഡിയേഷന്‍ ചെയ്യുന്നത്. ഇതു രോഗികളുടെ ശരീരത്തിന്‍െറ മറ്റുഭാഗങ്ങളില്‍ റേഡിയേഷന്‍ രശ്മികള്‍ ഏല്‍ക്കുന്നതിനും നിലവഷളാകുന്നതിനും ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.