ആകാശപാതക്ക് വീണ്ടും ജീവന്‍വെക്കുന്നു

കോട്ടയം: നഗരമധ്യത്തിലെ ശീമാട്ടി റൗണ്ടാനക്കുമുകളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആകാശപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഈമാസം 16ന് വീണ്ടും ജോലികള്‍ തുടങ്ങാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ആദ്യത്തേതെന്ന പേരില്‍ ജനുവരിയില്‍ നിര്‍മാണത്തിന് തുടക്കംകുറിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം നിലച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് എത്തിയതോടെ ജോലി പൂര്‍ണമായും മുടങ്ങി. ആകാശപ്പാത നിര്‍മാണത്തിനായി നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിക്കുകയും തൂണിനായി കുഴികള്‍ എടുക്കുകയും ചെയ്തശേഷമാണ് പണി മുടങ്ങിയത്. ഇത് യാത്രക്കാര്‍ക്ക് ദുരിതമാകുകയും ചെയ്തു. റോഡിനോട് ചേര്‍ന്നുള്ള ഈ കുഴികള്‍ അപകടക്കെണിയായി മാറി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൗണ്ടാനയുടെ ചുറ്റുമുള്ള റോഡ് തകര്‍ന്നത് ഗതാഗതത്തെയും ബാധിച്ചു. നഗരത്തിന് അലങ്കാരമായി നിലനിന്നിരുന്ന റൗണ്ടാന നിര്‍മാണ സാമഗ്രികള്‍ നിറഞ്ഞ് കാടുകയറിയ നിലയിലുമായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് എം.എല്‍.എ ഇടപെട്ട് യോഗം വിളിച്ചത്. രണ്ടാംഘട്ടമെന്ന നിലയില്‍ നിര്‍മാണം ആരംഭിക്കാനാണ് യോഗത്തിലുണ്ടായ ധാരണ. ഇതിനു മുന്നോടിയായി ശനിയാഴ്ച വിവിധ വകുപ്പുകളുടെ യോഗം ചേരാനും തീരുമാനമായി. രണ്ടാംഘട്ട ജോലി ആരംഭിക്കുന്നതിനായി പദ്ധതി പ്രദേശത്തുകൂടി പോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കും. ഇതാണ് നിര്‍മാണം തടസ്സപ്പെടാനുള്ള കാരണമായി അധികൃതര്‍ പറഞ്ഞിരുന്നത്. ആദ്യഘട്ടമായി വൈദ്യുതി ലൈനുകള്‍, കേബ്ളുകളാക്കി ഭൂമിക്കടിയിലൂടെ കടത്തിവിടും. ഇതിനായി കെ.എസ്.ഇ.ബിക്ക് 28ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കേബ്ളുകള്‍ ഭൂമിക്കടിയിലാക്കാന്‍ ഒരാഴ്ചസമയം വേണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. രാത്രി ഒമ്പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നിര്‍മാണം നടത്താനാണ് തീരുമാനം. ഈസമയത്തു നഗരത്തില്‍ പൊലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും. പ്രദേശത്തെ പൈപ്പ് ലൈനുകള്‍ മാറ്റാന്‍ വാട്ടര്‍ അതോറിറ്റിക്ക് ഏഴുലക്ഷം രൂപ കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇതിനാവശ്യമായ അപേക്ഷപോലും വാട്ടര്‍ അതോറിറ്റി നല്‍കിയിട്ടില്ല. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ വര്‍ക്ലിസ്റ്റുകള്‍ കൈമാറും. കേബ്ളുകള്‍ മാറുമ്പോള്‍ മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകണമെന്നും തീരുമാനമായി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്താണ് ആകാശപാത പദ്ധതി പ്രഖ്യാപിച്ചത്. അഞ്ചുറോഡുകള്‍ സംഗമിക്കുന്ന റൗണ്ടാന ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. തെരഞ്ഞെടുപ്പിനുമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഇതിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. ചില വന്‍കിട വ്യാപാരികളെ സഹായിക്കാനാണ് പദ്ധതിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ടു എലിവേറ്ററോടുകൂടിയ ആകാശപാതയില്‍ ഇരിക്കാനായി ബെഞ്ചുകള്‍, പൊലീസ് എയ്ഡ്പോസ്റ്റ്, ചെറുകിട സ്റ്റാളുകള്‍ എന്നിവയും വിഭാവനം ചെയ്തിരുന്നു. വൈ ഫൈ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സ്റ്റീല്‍, പി.വി.സി, പോളികാര്‍ബണേറ്റ് തുടങ്ങി വസ്തുക്കള്‍ ഉപയോഗിച്ചാവും നിര്‍മാണമെന്നുമാണ് തീരുമാനിച്ചിരുന്നത്. കോട്ടയം ടി.ബിയില്‍ നടന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ ഡോ.പി.ആര്‍. സോന, സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഗോപകുമാര്‍, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ ബാബുജാന്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.