ആഴ്ചയിലൊരിക്കല്‍ ഹോട്ടല്‍ പരിശോധന: നിര്‍ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു

കോട്ടയം: നഗരത്തിലെ ഹോട്ടലുകളില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്ന അധികൃതരുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. നിലവാരം കുറഞ്ഞ ഭക്ഷണം ഉയര്‍ന്ന വിലയ്ക്ക് നല്‍കിയതിന് പിടിക്കപ്പെട്ട ഹോട്ടലുകളൊക്കെ വീണ്ടും പഴയപടിയാണ് പ്രവര്‍ത്തിക്കുന്നത്. നോട്ടീസ് നല്‍കിയെങ്കിലും മിക്ക ഹോട്ടലുകളും ഒരു ശുചിത്വ മാനദണ്ഡവും പാലിക്കുന്നില്ല. ആഴ്ചകള്‍ക്കുമുമ്പ് നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് ബിരിയാണിയില്‍ കോഴിത്തൂവലും ചട്നിയില്‍നിന്ന് ജീവനോടെ പുഴുവിനെയും ലഭിച്ചതോടെയാണു പരിശോധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുഴു കണ്ടത്തെിയ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ക്ളീന്‍ സര്‍ട്ടിഫിക്കറ്റാണ് അധികൃതര്‍ നല്‍കിയത്. മുമ്പ് ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ഹോട്ടലുകളിലടക്കം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, അതിനുശേഷം ഇതുവരെ പേരിനുപോലും പരിശോധന നടന്നിട്ടില്ല. അതേസമയം, ഉദ്യോഗസ്ഥരുടെ അലംഭാവത്തിനു പിന്നില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം. ഹോട്ടലുകള്‍ക്കെതിരെ പരാതി നല്‍കിയാലും ഉദ്യോഗസ്ഥര്‍ പേരിനുമാത്രം നടപടി എടുക്കാറുള്ളൂവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. നിലവില്‍ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ്. ചായ മുതല്‍ ഊണുവരെയുള്ള വിഭവങ്ങള്‍ക്ക് വന്‍ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.