നിഷ്ക്രിയ പോളിയോ വാക്സിന്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും

കോട്ടയം: കുത്തിവെപ്പ് രൂപത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നല്‍കിവരുന്ന നിഷ്ക്രിയ പോളിയോ വാക്സിന്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുമെന്ന് ഐ.സി.എച്ച് സൂപ്രണ്ട് ഡോ. പി. സവിദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോളിയോ രോഗം പൂര്‍ണമായി തുടച്ചുനീക്കാന്‍ ‘സ്വിച്ച്’ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതി ഇന്ത്യന്‍ പ്രതിരോധ കുത്തിവെപ്പുകളുടെ ചരിത്രത്തില്‍ നിര്‍ണായക കാല്‍വെപ്പാണ്. വായില്‍കൂടി നല്‍കുന്ന ഓറല്‍ പോളിയോ വാക്സിനില്‍ മൂന്നു ഘടകങ്ങളാണ് (ട്രിവലന്‍റ് ഓറല്‍ പോളിയോ വാക്സിന്‍-ടി.ഒ.പി.വി) ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇതില്‍ ഒരുഘടകം ഒഴിവാക്കി (ബിവലന്‍റ് ഓറല്‍ പോളിയോ വാക്സിന്‍-ബി.ഒ.പി.വി) രൂപത്തില്‍ നല്‍കും. ലോക പ്രതിരോധ വാരാചരണത്തിന്‍െറ ഭാഗമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രികസ് ശാഖയുടെ നേതൃത്വത്തിലാണ് പോളിയോ നിര്‍മാര്‍ജനയജ്ഞം നടത്തുന്നത്. ലോകം രണ്ടുതരം ആരോഗ്യപ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. ജീവിതസാഹചര്യങ്ങളിലും ശൈലികളിലും ഉണ്ടായ മാറ്റം സൃഷ്ടിച്ച പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയാണ്. പുറമെ വൈറല്‍രോഗങ്ങളില്‍ പലതിനും ഫലപ്രദമായ ചികിത്സ കിട്ടാത്ത സ്ഥിതിയാണ്. രോഗാണുക്കളും മനുഷ്യരുമായുള്ള യുദ്ധത്തിന് ഏക പോംവഴി വാക്സിനുകളാണ്. പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും രോഗസാധ്യതയുള്ളവരുമായി ഇടപെടുന്നത് രോഗം പരത്തും. ഇത് തടയാന്‍ സ്കൂള്‍ പ്രവേശസമയത്ത് വാക്സിന്‍ ലഭിച്ചതിന്‍െറ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന നിയമംമൂലം കേരളത്തില്‍ നടപ്പാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ആവശ്യപ്പെട്ടു. ഐ.എ.എ കോട്ടയം ശാഖ പ്രസിഡന്‍റ് ഡോ. ജി. ഹരികുമാര്‍, ഐ.എ.പി കോട്ടയം ബ്രാഞ്ച് സെക്രട്ടറി ഡോ. ജിസ് തോമസ്, ഡോ. പി.ആര്‍. ജയകുമാര്‍, ഡോ. സുനു ജോര്‍ജ്, ഡോ. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.