പഞ്ചായത്ത് വാക്കുതെറ്റിച്ചു: കിടപ്പാടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് 16ാം വര്‍ഷത്തിലേക്ക്

ചങ്ങനാശേരി: പഞ്ചായത്ത് വാക്കുപാലിക്കാത്തതിനാല്‍ കിടപ്പാടത്തിനു വേണ്ടിയുള്ള ഒരു കുടുംബത്തിന്‍െറ കാത്തിരിപ്പ് 16ാം വര്‍ഷത്തിലേക്ക്. മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് മാന്നില പങ്ങാളിപ്പറമ്പ്(തോപ്പില്‍) ബിജുവിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. പൊതുശ്മശാനത്തിനായി ഇവരുടെ രണ്ട് സെന്‍റ് സ്ഥലത്തില്‍നിന്ന് ഒന്നേകാല്‍ സെന്‍റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. പകരം സ്ഥലവും വീടും നല്‍കാമെന്ന വ്യവസ്ഥയിലാണ് പഞ്ചായത്ത് ഇവരുടെ സ്ഥലത്ത് ശ്മശാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതു സംബന്ധിച്ച് അന്നത്തെ ഭരണസമിതിയും ബിജുവും തമ്മില്‍ കരാറും തയാറാക്കിയിരുന്നു. 2001 ജൂലൈ 20ന് എഴുതിയ കരാറനുസരിച്ച് 2002 മാര്‍ച്ച് 31 നകം ജനകീയാസൂത്രണ പദ്ധതി പ്രകാരം ബിജുവിനു വീടും സ്ഥലവും അനുവദിച്ചു നല്‍കാമെന്നാണ് വ്യവസ്ഥ ചെയ്തത്. എന്നാല്‍, പലതവണ ഓഫിസ് കയറിയിറങ്ങിയിട്ടും ഒരു നടപടിയും പഞ്ചായത്തിന്‍െറ ഭാഗത്തുനിന്നുണ്ടായില്ളെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, 2014-15 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് അനുവദിച്ചിരുന്നു. പക്ഷേ, സ്ഥലമില്ലാതെ വീട് വെക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. വീണ്ടും കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും സ്ഥലം വാങ്ങാന്‍ ഒരു ലക്ഷം രൂപ അനുവദിക്കാമെന്നും അധികൃതര്‍ അറിയിച്ചതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍, ഒരു ലക്ഷം രൂപക്കു മൂന്നു സെന്‍റ് സ്ഥലം വാങ്ങാന്‍ കഴിയില്ളെന്നാണ് വീട്ടുകാര്‍ പറയുന്നത്. നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്ന കുടുംബത്തിന് സ്വന്തമായി പണം മുടക്കി സ്ഥലം വാങ്ങാനും കഴിയുന്നില്ല. നിലവില്‍ മുക്കാല്‍ സെന്‍റ് സ്ഥലത്ത് ഒറ്റമുറി വീട്ടിലാണ് ബിജുവും ഭാര്യ ബിന്ദുവും മക്കളായ വിസ്മയ, അമ്മു, വിഷ്ണു എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബം താമസിക്കുന്നത്. പ്രാഥമിക സൗകര്യം തരപ്പെടുത്താന്‍പോലും കഴിയാത്ത സ്ഥിതിയാണ്. വീട്ടുമുറ്റത്തുനിന്നു നേരെ റോഡിലേക്കാണ് കാലെടുത്തു വെക്കുന്നത്. നീളത്തില്‍ വീതിയില്ലാതെയാണ് സ്ഥലത്തിന്‍െറ കിടപ്പ്. അതിനാല്‍ മറ്റ് യാതൊരു തരത്തിലുള്ള സൗകര്യവും ഇവിടെ ചെയ്യാന്‍ കഴിയില്ല. വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യം പോലും ഒരുക്കി നല്‍കാന്‍ കഴിയാത്ത വിഷമസ്ഥിതിയിലാണ് മാതാപിതാക്കള്‍. ഒരു തുണ്ടുഭൂമിയും തലചായ്ക്കാന്‍ ഒരു കൂരയുമാണ് ഈ അഞ്ചംഗ കുടുംബത്തിന്‍െറ സ്വപ്നവും പ്രതീക്ഷയും. കൂലിപ്പണിയില്‍നിന്നുള്ള വരുമാനം മാത്രമാണ് ഇവരുടെ വരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.