വീണ്ടും പൈപ്പുപൊട്ടി; ഇന്നും നഗരത്തില്‍ കുടിവെള്ളവിതരണം ഭാഗികമായി മുടങ്ങും

കോട്ടയം: നഗരത്തിലേക്ക് ശുദ്ധജലമത്തെുന്ന കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. ഇതോടെ വെള്ളിയാഴ്ചയും നഗരത്തില്‍ ജലവിതരണം ഭാഗികമായി മുടങ്ങും. പേരൂരിലെ പമ്പിങ് സ്റ്റേഷനില്‍നിന്ന് കോട്ടയം കലക്ടറേറ്റിലെ പ്രധാന ടാങ്കിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന പൈപ്പ് ജില്ലാ ജയിലിന് സമീപത്തായാണ് പൊട്ടിയത്. ഇതിന്‍െറ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയാകുകയുള്ളൂ. പൊന്‍പള്ളിക്കു സമീപത്തായി ബുധനാഴ്ച ഇതേ പൈപ്പ് പൊട്ടിയിരുന്നു. 600 എം.എം ആസ്ബറ്റോസ് പൈപ്പാണ് പൊന്‍പള്ളിക്കുസമീപം വാട്ടര്‍ അതോറിറ്റി റോഡില്‍ ഉച്ചയോടെ പൊട്ടിയത്. ഇതിനെതുടര്‍ന്ന് വ്യാഴാഴ്ച നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. ഇതിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ ജലവിതരണം പുനരാരംഭിക്കുമെന്നായിരുന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നത്. ഇതിന്‍െറ ഭാഗമായി പൊട്ടിയഭാഗം മുറിച്ചുനീക്കി പുതിയ പൈപ്പ് സ്ഥാപിച്ചു. എന്നാല്‍, അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പമ്പിങ് ആരംഭിച്ചയുടന്‍ ജയിലിന് സമീപത്തായി വീണ്ടും പൊട്ടുകയായിരുന്നു. പമ്പിങ് സമയത്തുണ്ടാകുന്ന അമിതസമ്മര്‍ദമാണ് പൈപ്പുപൊട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കാലപ്പഴക്കമാണ് പൊട്ടലിന് കാരണമെന്നും ഇവര്‍ പറയുന്നു.നഗരത്തില്‍ പൈപ്പുപൊട്ടുന്നത് പതിവാകുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 15 തവണയിലധികമാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം ഇതുമൂലം തടസ്സപ്പെട്ടത്. രണ്ട് പൈപ്പുകളിലൂടെയാണ് പേരൂരിലെ പമ്പിങ് സ്റ്റേഷനില്‍നിന്ന് പ്രധാന ടാങ്കിലേക്ക് രണ്ട് പൈപ്പുകള്‍ വഴിയാണ് വെള്ളം എത്തിക്കുന്നത്. ഇതില്‍ പ്രധാന പൈപ്പാണ് ഇപ്പോള്‍ പൊട്ടിയിരിക്കുന്നത്. രണ്ടാമത്തെ പൈപ്പിലൂടെ ആവശ്യമായതിന്‍െറ ചെറിയൊരു ശതമാനം വെള്ളം മാത്രമാണ് എത്തുന്നത്. അതിനാല്‍ ചുരുങ്ങിയ വീടുകളില്‍ ഒഴിച്ച് ജലം എത്തില്ല. കാലപ്പഴക്കം മൂലം പലയിടങ്ങളിലും പൈപ്പ് ചോര്‍ന്നും ജലം നഷ്ടപ്പെടുന്നുണ്ട്. നഗരത്തിലെ 35,000 ഗുണഭോക്താക്കളാണ് പൈപ്പുവെള്ളത്തെ ആശ്രമയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.