കോട്ടയം: കേരളത്തിലെ അതിപുരാതനമായ മുസ്ലിം ദേവാലയമായ താഴത്തങ്ങാടി ജുമാമസ്ജിദ് തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരമൊരുക്കും. ഈമാസം 24, മേയ് എട്ട് തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12വരെയും വൈകീട്ട് 3.30 മുതല്‍ 4.30വരെയും ആരാധനകര്‍മങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത നിലയിലാണ് സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമൃദ്ധമായ പള്ളി ക്ഷേത്രശില്‍പകലാ മാതൃകയിലാണ് നിര്‍മിച്ചത്. പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശ-സ്വദേശ ടൂറിസ്റ്റുകളും ഗവേഷകരുമൊക്കെ എത്താറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പള്ളിയുടെ അകത്തളങ്ങള്‍ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നത്. നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനമാനിച്ച് താഴത്തങ്ങാടി ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളാണ് പള്ളി കാണാന്‍ അവസരമൊരുക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മതപ്രചാരണത്തിന് അറേബ്യയില്‍നിന്നും എത്തിയ മാലിക് ബിന്‍ ദിനാറിന്‍െറ കാലത്താണ് കേരളതീരത്ത് ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. കേരളക്കരയില്‍ 10 പള്ളികളും തമിഴ്നാട്ടില്‍ ഒരുപള്ളിയും അദ്ദേഹം സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണ്. കൊടുങ്ങല്ലൂര്‍ മുതല്‍ കൊല്ലംവരെ പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന അനുചരന്മാര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തി. ആശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാമസ്ജിദ് എന്നാണ് ചരിത്രം. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ആരാധനാലയം. കേരളത്തിലെ പുരാതന മുസ്ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ചതാണ് താഴത്തങ്ങാടി പള്ളിയെന്ന് ഖ്യാതിയുണ്ട്. അറബിശൈലിയിലുള്ള കൊത്തുപണികളും തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്‍ക്കൂടും തട്ടിന്‍പുറവുമെല്ലാം കൗതുക കാഴ്ചകളാണ്. നിഴല്‍ ഘടികാരം, ഒറ്റക്കലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊടുത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്. താഴത്തങ്ങാടിയുടെ പ്രകൃതിമനോഹര ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് അഡ്വ.എം.പി. നവാബ്, സെക്രട്ടറി സി.എം. യൂസുഫ്, ട്രഷറര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.