കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും പരിസരവും വൃത്തിഹീനമാക്കി കംഫര്‍ട്ട് സ്റ്റേഷന്‍

കോട്ടയം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും പരിസരവും വൃത്തിഹീനമാക്കി കംഫര്‍ട്ട്സ്റ്റേഷന്‍. കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ഏഴുവര്‍ഷംമുമ്പ് സന്നദ്ധസംഘടന പണിതുനല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനാണ് ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ദുരിതംവിതക്കുന്നത്. ലേലം വിളിച്ച കരാര്‍ ഏറ്റെടുത്തയാള്‍ തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ദുര്‍ഗതി ആരംഭിച്ചത്. നടത്താന്‍ ആളില്ലാതെ വന്നതോടെ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്‍െറ നടത്തിപ്പും കെ.എസ്.ആര്‍.ടി.സിയുടെ ചുമതലയിലായി. ലേലത്തില്‍ തുക ഉറപ്പിച്ചയാള്‍ പിന്മാറിയ സാഹചര്യത്തില്‍ രണ്ടാമത്തെയാള്‍ കംഫര്‍ട്ട് സ്റ്റേഷന്‍െറ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും അനുകൂല മറുപടി ലഭിച്ചിട്ടില്ലത്രെ. കംഫര്‍ട്ട് സ്റ്റേഷന് പിന്നില്‍ നാളുകളായി മലിനജലം കെട്ടിക്കിടക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധം നിമിത്തം മൂക്കുപൊത്തിപ്പോലും പരിസരത്തേക്ക് അടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിന് താല്‍ക്കാലിക പരിഹാരമായി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മതിലില്‍ ചെറിയ ദ്വാരമുണ്ടാക്കി മലിനജലം സമീപത്തെ റോഡിലൂടെ പുറത്തേക്ക് ഒഴുക്കി. മലിനജലം ദിവസങ്ങളോളം റോഡിലൂടെ പരന്നൊഴുകിയത് വന്‍പ്രതിഷേധമുയര്‍ത്തി. ഹോട്ടല്‍, തിയറ്റര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ നടപടിക്കെതിരെ ആരോഗ്യവകുപ്പ് അടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കി. ദിവസങ്ങളോളം നീണ്ടുനിന്ന മലിനജലത്തിന്‍െറ ഒഴുക്കിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി അധികൃതര്‍ തടിയൂരി. തിങ്കളാഴ്ച മണ്ണിട്ട് മതിലിന്‍െറ ദ്വാരം അടക്കുകയായിരുന്നു. ഒഴുക്ക് നിലച്ചെങ്കിലും കെട്ടിക്കിടക്കുന്ന മലിനജലം ഇപ്പോള്‍ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ നവീകരണഭാഗമായി കംഫര്‍ട്ട് സ്റ്റേഷനടക്കം സ്ഥിതിചെയ്യുന്ന പഴയകെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കുന്നതിനാലാണ് അധികൃതര്‍ക്ക് അലംഭാവമെന്ന് ആക്ഷേപമുണ്ട്. കംഫര്‍ട്ട് സ്റ്റേഷനില്‍നിന്ന് ദൈനംദിനം കിട്ടുന്ന പണം മൂത്രപ്പുരയും കക്കൂസും വൃത്തിയാക്കാന്‍ ഉപയോഗിക്കാറില്ളെന്ന് പരാതിയുണ്ട്. ഒന്നിലധികം കക്കൂസുകള്‍ പൂര്‍ണമായും അടച്ചുപൂട്ടി. ഉപയോഗിക്കുന്ന പലതിന്‍െറയും ക്ളോസറ്റുകള്‍ സാമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ബാക്കിയുള്ളവ ഉപയോഗിക്കാന്‍ അറപ്പുതോന്നും വിധമാണ് ഇട്ടിരിക്കുന്നത്. തകര്‍ന്ന പൈപ്പുകളുടെയും ടാപ്പുകളുടെയും അവസ്ഥയും ദയനീയമാണ്. ആരോഗ്യഭീഷണി ഉയര്‍ത്തി കെട്ടിക്കിടക്കുന്ന മലിജലം നീക്കംചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല. വൃത്തിഹീനമായ മൂത്രപ്പുരയില്‍ കയറാതെ പരിസരപ്രദേശത്ത് മൂത്രമൊഴിക്കുന്ന കാഴ്ചയും പതിവാണ്. മൂക്കുപൊത്തി കയറി കാര്യം സാധിച്ചാലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ട്. അതിനൊപ്പം പൈപ്പുപൊട്ടി വെള്ളവും പാഴാകുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന് ആശങ്കയിലാണ് സമീപവാസികള്‍. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം ഒഴുകിയത്തെിയിട്ടുണ്ട്. മാലിന്യത്തില്‍ ചവിട്ടിയാണ് യാത്രക്കാര്‍ ബസുകളില്‍ കയറിപ്പറ്റുന്നത്. ബസുകളിലേക്ക് കയറാനുള്ള തന്ത്രപ്പാടില്‍ പലരും മാലിന്യമാണെന്നുപോലും തിരിച്ചറിയുന്നില്ല. പാര്‍ക്ക് ചെയ്യുന്ന ബസുകളില്‍ സീറ്റ് ഉറപ്പിക്കുന്നവര്‍ മൂക്കുപൊത്തിയാണ് ഇരിക്കുന്നത്. രാത്രിയില്‍ മങ്ങിയ വെളിച്ചത്തില്‍ സ്റ്റാന്‍ഡിലെ മാലിന്യംപോലും തിരിച്ചറിയാതെയാണ് നൂറുകണക്കിന് യാത്രക്കാര്‍ ബസുകള്‍ തെരയുന്നത്്. ഹൈറേഞ്ച് മേഖലയിലേക്കുള്ള ബസുകള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് ഈ ഭാഗത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.