മൂലവട്ടം കുറ്റിക്കാട്ട് ക്ഷേത്രത്തില്‍ വെടിക്കെട്ട് ഒഴിവാക്കും

കോട്ടയം: പരവൂര്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഉത്സവച്ചടങ്ങുകളിലെ വെടിക്കെട്ടും ആന എഴുന്നള്ളത്തും ഒഴിവാക്കിയും ആഘോഷങ്ങള്‍ വെട്ടിക്കുറച്ച് സമാഹരിക്കുന്ന തുക ദുരന്തബാധിതര്‍ക്ക് നല്‍കാന്‍ മൂലവട്ടം കുറ്റിക്കാട്ട് ദേവിക്ഷേത്രം ഉത്സവ കമ്മിറ്റിയും നാട്ടുകാരും തീരുമാനിച്ചു. ക്ഷേത്രത്തിലെ വിവിധ കരക്കാരുടെയും നാട്ടുകാരുടെയും ആഭ്യര്‍ഥന മാനിച്ച് ചരിത്രത്തില്‍ ആദ്യമായാണ് ഉത്സവച്ചടങ്ങുകള്‍ വെട്ടിക്കുറക്കുന്നത്. പത്താമുദയ മഹോത്സവത്തിലെ കുംഭകുടത്തിന് അണിനിരക്കുന്ന 12 കരക്കാരും നാട്ടുകാരും ക്ഷേത്രത്തിലെ കമ്മിറ്റിയും ചേര്‍ന്ന് സമാഹരിക്കുന്ന തുക ഈമാസം 27ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സര്‍ക്കാറിന് കൈമാറും. വ്യാഴാഴ്ച കൊടിയേറ്റ് ദിവസം മുതല്‍ തുക സമാഹരിക്കലിന് തുടക്കമാകും. ക്ഷേത്രത്തിലത്തെുന്ന ഭക്തജനങ്ങള്‍ക്കും ദുരിതബാധിതരെ സഹായിക്കാന്‍ അവസരമുണ്ട്. കൊല്ലൂര്‍ മൂകാംബിക ദേവിയുടെയും സരസ്വതിദേവിയുടെയും സാന്നിധ്യം ദേവപ്രശ്നത്തില്‍ കണ്ടതിനെതുടര്‍ന്ന് കുറ്റിക്കാട് ദേവീക്ഷേത്രത്തിന്‍െറ തന്ത്രിസ്ഥാനം കൊല്ലൂര്‍ മൂകാംബിക ദേവസ്ഥാനം തന്ത്രി ബ്രഹ്മശ്രീ നിത്യാനന്ദ അഡിഗ ഈവര്‍ഷം ഏറ്റെടുക്കുകയായിരുന്നു. ക്ഷേത്ര ചടങ്ങുകള്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ മാറ്റിനിര്‍ത്തി ദുരിതബാധിതരെ സഹായിക്കാന്‍ നാട്ടുകാരും മുന്നിട്ടിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.