പാലം പണി യാഥാര്‍ഥ്യമായില്ല; ഗ്രാമീണര്‍ വോട്ട് ബഹിഷ്കരിക്കുന്നു

വൈക്കം: മണ്ണ് പരിശോധന നടത്തി 10 വര്‍ഷം കഴിഞ്ഞിട്ടും മറവന്‍തുരുത്ത്-ബ്രഹ്മമംഗലം കരകളെ ബന്ധിപ്പിക്കുന്ന ഏനാദി-മൂലേക്കടവ് പാലം യാഥാര്‍ഥ്യമാക്കാത്തതിനാല്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് നാട്ടുകാര്‍. ഏനാദി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏകമാര്‍ഗമായ ഈ പാലം നിര്‍മാണത്തിന് വൈക്കത്ത് പി. നാരായണ്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ടോക്കണ്‍ ലഭിച്ചതാണ്. പാലം നിര്‍മിക്കണമെന്ന് ആവശ്യത്തിന് മൂന്നു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി പാലം പണി യാഥാര്‍ഥ്യമായിട്ടില്ല. ഇവിടത്തുകാര്‍ക്ക് ഇപ്പോഴും കടത്തുവള്ളം തന്നെയാണ് ഏക ആശ്രയം. ഇതേ അവസ്ഥ തന്നെയാണ് ചെമ്പ് പഞ്ചായത്തിനെയും ബ്രഹ്മമംഗലത്തെയും കൂട്ടി യോജിപ്പിക്കുന്ന മൂലേക്കടവ് പാലത്തിന്‍െറയും സ്ഥിതി. ഈ പാലങ്ങള്‍ യാഥാര്‍ഥ്യമായാല്‍ മാത്രമേ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രോഗികളുമായി വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തുന്നതിനും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ബ്രഹ്മമംഗലംകാരുടെ നീണ്ട കാലത്തെ ആഗ്രഹമായ മൂലേക്കടവ് പാലവും വാലയില്‍ പാലവും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമീണര്‍ വോട്ട് ബഹിഷ്കരണവുമായി ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.