നഴ്സിങ് ഹോസ്റ്റലിന് സമീപം മാലിന്യം തള്ളല്‍: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ മാലിന്യം നഴ്സിങ് ഹോസ്റ്റലിന് സമീപം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഞായറാഴ്ച മാലിന്യവുമായി എത്തിയ വാഹനം നഴ്സിങ് വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സ്ഥലത്തത്തെിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാലിന്യം ഇവിടെ തന്നെ സംസ്കരിക്കുമെന്ന് പറഞ്ഞത് വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട ആര്‍.എം.ഒ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യം നീക്കം ചെയ്യാമെന്നുള്ള ഉറപ്പുനല്‍കി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ വാഹനം വിട്ടുനല്‍കിയത്. 340ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തായാണ് ആശുപത്രി മാലിന്യം കുഴിച്ചുമൂടുന്നത്. ഇത് തടയണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും ഇക്കാര്യം ഉന്നയിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു. മാലിന്യം ഹോസ്റ്റല്‍ പരിസരത്തുനിന്ന് മാറ്റുന്നതിന് പരിഹാരമുണ്ടാക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് സൂപ്രണ്ട് ഉറപ്പുനല്‍കിയതായും നഴ്സിങ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പക്ഷേ, ഈ ഉറപ്പ് ലംഘിച്ച് വീണ്ടും ആശുപത്രി മാലിന്യവുമായി ഹോസ്റ്റലിന് സമീപം എത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വാഹനം തടഞ്ഞുവെച്ചത്. മെഡിക്കല്‍ കോളജിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് നിരവധി ആരോഗ്യപ്രശ്ങ്ങള്‍ ഇത്തരത്തില്‍ ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണം ഉണ്ടാക്കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഗൈനക്കോളജി, പതോളജി, ഡെന്‍റല്‍ തുടങ്ങിയ ഡിപാര്‍ട്മെന്‍റുകളില്‍ നിന്നുള്ള മാലിന്യങ്ങളെല്ലാം ഇവിടെയാണ് സംസ്കരിക്കുന്നത്. മനുഷ്യശരീരാവയവങ്ങള്‍ പോലും ഇവിടെ കുഴിച്ചുമൂടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്നുയരുന്ന പ്രാണിശല്യം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ത്വഗ്രോഗം ഉണ്ടാകുമ്പോഴും അധികൃതര്‍ എല്ലാം ശരിയാക്കാമെന്ന പതിവ് ശൈലി പറഞ്ഞ് തലയൂരാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സ്ഥലപരിമിതി മൂലമാണ് ഇത്തരത്തില്‍ മാലിന്യം ഹോസ്റ്റല്‍ പരിസരത്ത് കുഴിച്ചുമൂടേണ്ടിവരുന്നതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.