വായ്പ കുടിശ്ശിക തീര്‍ത്തിട്ടും റിലയന്‍സിന്‍െറ ഭീഷണി

തൊടുപുഴ: മകന് വേണ്ടിയെടുത്ത വിദ്യാഭ്യാസ വായ്പ പലിശസഹിതം തിരിച്ചടച്ചു കഴിഞ്ഞ ശേഷവും കുടിശ്ശിക പിരിച്ചെടുക്കാന്‍ അധികാരം ലഭിച്ച റിലയന്‍സ് കമ്പനി രക്ഷിതാവിന് നേരെ ഭീഷണി ഉയര്‍ത്തുന്നു. ഉടുമ്പന്നൂര്‍ വാഴേപ്പറമ്പില്‍ വി.കെ. രവിനാഥനെന്ന റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഈ ദുര്‍ഗതി. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകനുവേണ്ടി 2005ല്‍ മുട്ടത്തെ എസ്.ബി.ടിയില്‍നിന്ന് എടുത്ത 2.44 ലക്ഷം രൂപയില്‍ 40,000 രൂപ മാത്രമേ തിരിച്ചടക്കാനായുള്ളൂ. കുടിശ്ശിക സഹിതം 4.75 ലക്ഷം അടച്ചില്ളെങ്കില്‍ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് കാണിച്ച് 2014ല്‍ നോട്ടീസ് ലഭിച്ചു. 2015 ജനുവരിയില്‍ നടന്ന അദാലത്തില്‍ 3.4ലക്ഷം അടച്ചാല്‍ ലോണ്‍ ക്ളോസ് ചെയ്ത് റിക്കവറി നടപടി നിര്‍ത്തി വെക്കാമെന്ന് പറഞ്ഞതനുസരിച്ച് ഫെബ്രുവരി നാലിന് അത്രയും തുക അടക്കുകയും ചെയ്തു. എന്നാല്‍, ജൂണ്‍ 30ന് റിലയന്‍സുമായി ബന്ധപ്പെട്ട് ലോണ്‍ കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് വീണ്ടും കത്ത് വരികയായിരുന്നു. കുടിശ്ശിക അടച്ചില്ളെങ്കില്‍ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഒക്ടോബര്‍ 20ന് റിലയന്‍സ് വീണ്ടും കത്തയച്ചു. ബാങ്കില്‍ പരാതിയുമായി ചെന്നപ്പോള്‍ തിരിച്ചടച്ച വിവരം റിലയന്‍സില്‍ അറിയിച്ചു കൊള്ളാമെന്ന് പറഞ്ഞു. എന്നാല്‍, വീണ്ടും 3.44 ലക്ഷം അടക്കണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ബാങ്കില്‍ ഒരിക്കല്‍കൂടി ചെന്ന് കാര്യം ബോധ്യപ്പെടുത്തി. അപ്പോഴും റിലയന്‍സിന് വിവരം കൈമാറിക്കൊള്ളാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച റിലയന്‍സിന്‍െറ എറണാകുളം ഇടപ്പള്ളിയിലെ ഓഫിസില്‍നിന്ന് വിളിച്ച് 3.12 ലക്ഷം പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് രവിനാഥന്‍ പറയുന്നു. കുടിശ്ശിക സഹിതം വായ്പതുക തിരിച്ചടച്ച കാര്യം പറഞ്ഞിട്ടും ഭീഷണി തുടര്‍ന്നു. 2.85 ലക്ഷം അവര്‍ പറയുന്ന അക്കൗണ്ടില്‍ അടച്ചാല്‍ റവന്യൂ റിക്കവറി ഒഴിവാക്കാമെന്നും അല്ളെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, നേരത്തേ നല്‍കിയ ലിസ്റ്റ് അനുസരിച്ചായിരിക്കും റിലയന്‍സ് നടപടി സ്വീകരിച്ചതെന്നും രവിനാഥന്‍ ലോണ്‍ ക്ളോസ് ചെയ്ത വിവരം റിലയന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.