കോടിമത വാട്ടര്‍ പാര്‍ക്ക്: ആദ്യ പദ്ധതി ഉപേക്ഷിച്ചു

കോട്ടയം: കൊട്ടിഗ്ഘോഷിച്ച് തുടക്കമിട്ട കോടിമത വാട്ടര്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചു. കോടികള്‍ മുടക്കി കോടിമതയില്‍ കോടൂരാറ്റില്‍ നിലവിലുള്ള ജെട്ടിയോടു ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉദ്ഘാടനത്തിനുശേഷം പദ്ധതി പ്രവര്‍ത്തനം നിലച്ചതോടെ ലക്ഷങ്ങളാണ് പാഴാവുന്നത്. വാട്ടര്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കൊടൂരാറ്റിന്‍െറ വശത്ത് നടപ്പാത നിര്‍മിക്കുകയും വിളക്ക് കാലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. നഗരവാസികള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്ക് വിനോദവുമൊരുക്കുകയുമായിരുന്നു ലക്ഷ്യം. ഇതിന്‍െറ ഭാഗമായി വാട്ടര്‍ ബലൂണ്‍ അടക്കമുള്ളവ പാര്‍ക്കില്‍ എത്തിക്കുകയും ചെയ്തു. കൊടൂരാറ്റിലേക്ക് ഇറങ്ങി നില്‍ക്കുന്ന നടപ്പാതയില്‍ മത്സ്യബന്ധനം നടത്താനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞശേഷം പ്രവര്‍ത്തനമൊന്നും നടന്നില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരുന്ന എജന്‍സി അധികം കഴിയുംമുമ്പ് ഉപകരണങ്ങളെല്ലാം ഇവിടെനിന്ന് കൊണ്ടുപോകുകയും ചെയ്തു. ഇതോടെ ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കിയ കൊടുരാറിന്‍െറ ഈ ഭാഗത്ത് വീണ്ടും പോളകള്‍ നിറഞ്ഞു. നടപ്പാത തകര്‍ച്ചയിലുമായി. നിര്‍മാണത്തിനിടെ വിള്ളലുകള്‍ കണ്ടത്തെിയ വിളക്കുകാലുകളും നശിക്കുകയാണ്. സ്വകാര്യ എജന്‍സി പ്രവര്‍ത്തനം നിര്‍ത്തിയതാണ് പാര്‍ക്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി)അധികൃതര്‍ പറയുന്നത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ളെന്നും കൗണ്‍സില്‍ നേരിട്ട് വാട്ടര്‍ പാര്‍ക്കിന്‍െറ പ്രവര്‍ത്തനം നടത്തുമെന്നും ഡി.ടി.പി.സി സെക്രട്ടറി ജിജു ജോസ് പറഞ്ഞു. ഇതിനായി നഗരസഭയുമായി സഹകരിച്ച് ഈ ഭാഗത്തെ പോള നീക്കും. ഉടന്‍ പോള നീക്കുമെന്ന് കോട്ടയം നഗരസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. സ്പീഡ് ബോട്ട് സര്‍വിസ് ഉള്ളതിനാല്‍ ഇത്തവണ കൂടുതല്‍ ദൂരത്തെ പോള നീക്കാനാണ് തീരുമാനം. മേയ് മാസത്തോടെ പദ്ധതി പുനരാരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും പോള കടന്നുവരാതിരിക്കാനുള്ള നടപടിയും ആലോചിക്കും. സ്പീഡ് ബോട്ട്, കയാക്കിങ്, കനോയിങ് ബോട്ടുകള്‍, വാട്ടര്‍ ബൈക്ക്, സ്കൂട്ടര്‍ തുടങ്ങി ആധുനിക വിനോദ ഉപകരങ്ങള്‍ എത്തിക്കും. പരിചയസമ്പന്നരായ സഹായികളും ഉണ്ടാകും. ഇതിനുള്ള നടപടിയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 15 ലക്ഷത്തോളം രൂപ മുടക്കിയാണ് ഡി.ടി.പി.സി ഉപകരങ്ങള്‍ വാങ്ങുന്നത്. ഇവക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എപ്രില്‍ അവസാനം ഉപകരണങ്ങള്‍ കോട്ടയത്ത് എത്തും. മികച്ച നിലവാരത്തില്‍ പാര്‍ക്കിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജലപാര്‍ക്കുകളില്‍ ലഭ്യമാകുമെന്ന സംവിധാനങ്ങളെല്ലാം ഒരുക്കും. കാവല്‍ക്കാരെ നിയോഗിക്കുന്നതും രാത്രിയിലടക്കം കൂടുതല്‍ വെളിച്ച സംവിധാനം ഒരുക്കുന്നതും പരിഗണനയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.