പരവൂര്‍ ദുരന്തത്തിന്‍െറ ഞെട്ടലില്‍ കോട്ടയത്തെ സ്ഥാനാര്‍ഥികളും

കോട്ടയം: ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ദുരന്തസ്ഥലത്തേക്ക്, സന്നദ്ധപ്രവര്‍ത്തനത്തിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ജെയ്ക്, ഞെട്ടല്‍ രേഖപ്പെടുത്തി മാണി. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് അനുശോചനമറിയിച്ച് വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. ആശ. പരവൂര്‍ വെടിക്കെട്ട് ദുരന്തം ജില്ലയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാടിനെ നടുക്കിയ വെടിക്കെട്ട് അപകടത്തില്‍ മരണം നൂറ് കടക്കുമെന്ന വാര്‍ത്ത പരന്നതോടെ എല്ലാവരുടെയും മനസ്സ് അവിടേക്കായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞായറാഴ്ചയിലെ തന്‍െറ പതിവ് പരിപാടിയില്‍ പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങ് ഒഴിച്ചുള്ളവയെല്ലാം റദ്ദുചെയ്ത് രാവിലെ ഒമ്പതോടെ പുതുപ്പള്ളിയില്‍നിന്ന് അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. നിരവധി തെഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കേണ്ടതായിരുന്നു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി കൊല്ലത്ത് നടക്കുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ രാവിലെതന്നെ യാത്ര പുറപ്പെട്ടു. അപകടസ്ഥലത്തത്തെിയ തിരുവഞ്ചൂര്‍ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പാലായില്‍ കെ.എം. മാണിയും രാവിലെ പ്രചാരണ പരിപാടിയൊന്നും നടത്തിയില്ല. മന്ത്രിസഭായോഗത്തില്‍ എത്തേണ്ടതില്ലാത്തതിനാല്‍ പാലായിലെ വസതിയില്‍ ടി.വിയിലൂടെ വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു അദ്ദേഹം. യോഗങ്ങളും ഭവനസന്ദര്‍ശന പരിപാടികളും ആസൂത്രണം ചെയ്തിരുന്നത് എല്ലാവരും ഒഴിവാക്കി. അതേസമയം, ഇനിയും പൂര്‍ത്തീകരിക്കാനുള്ള ചുവരെഴുത്തുകള്‍ക്കായി പലയിടത്തും ആര്‍ടിസ്റ്റുകള്‍ എത്തി തങ്ങളുടെ ജോലി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ വീണ്ടും മത്സരരംഗത്തുള്ള മറ്റ് സിറ്റിങ് എം.എല്‍.എമാരായ സി.എഫ്. തോമസ് (ചങ്ങനാശേരി), സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍), പി.സി. ജോര്‍ജ് (പൂഞ്ഞാര്‍), മോന്‍സ് ജോസഫ് (കടുത്തുരുത്തി), പ്രഫ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവരും ദുരന്തവാര്‍ത്തയുടെ ഞെട്ടലിലായിരുന്നു. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന പ്രസിഡന്‍റായ ജെയ്ക് സി. തോമസ് പുതുപ്പള്ളിയില്‍നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇലക്ഷന്‍ കമ്മിറ്റി ഓഫിസുകളിലും പാര്‍ട്ടി ഓഫിസുകളിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമെല്ലാം തെരഞ്ഞെടുപ്പ് ആലോചനകളെക്കാള്‍ പ്രാധാന്യം നല്‍കിയത് ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.