ബസ് തടഞ്ഞ് കണ്ടക്ടറെ തല്ലിച്ചതച്ചു

ചെറുതോണി: കണ്ടക്ടറെ ഗുണ്ടാസംഘം ബസ് തടഞ്ഞുനിറുത്തി മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് കരിമ്പന്‍-അട്ടിക്കളത്താണ് സംഭവം. അടിമാലി കട്ടപ്പന റൂട്ടില്‍ സര്‍വിസ് നടത്തുന്ന കൊച്ചിന്‍ ബസിലെ കണ്ടക്ടറായ വാഴക്കുളം വാലുമ്മേല്‍ ആല്‍ബിന്‍ സെബാസ്റ്റിനെയാണ് (25) പതിനഞ്ചോളം പേരടങ്ങിയ അജ്ഞാത സംഘം മര്‍ദിച്ചത്. കമ്പിവടികൊണ്ട് തലക്കടിക്കുകയും ബസിനുള്ളിലിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. വിജനസ്ഥലത്ത് കൈകാണിച്ച് ബസ് നിര്‍ത്തിയശേഷം പ്രകോപനമില്ലാതെ സംഘം ആക്രമിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന രണ്ട് പൊലീസുകാരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിരോധിച്ചതോടെ ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ആല്‍ബിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തലക്കാണ് മാരക പരിക്ക്. ശരീരത്തിന്‍െറ പല ഭാഗങ്ങളിലും മുറിവും ചതവുമേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റതിനാല്‍ പൊലീസുകാര്‍ക്ക് കൂടുതല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. മുന്‍ കണ്ടക്ടറെയും മറ്റ് ജോലിക്കാരെയും ആല്‍ബിനെയും കൂടുതല്‍ ചോദ്യം ചെയ്താലേ സംഭവം സംബന്ധിച്ചു കൂടുതല്‍ വിവരം ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.