വണ്ണം കുറക്കാന്‍ മരുന്നുകഴിച്ച് യുവാവ് മരിച്ച സംഭവം; പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു

കട്ടപ്പന: വണ്ണം കുറക്കാനുള്ള മരുന്ന് കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കട്ടപ്പന പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ മനു എസ്. നായര്‍ (25) മരിച്ച സംഭവത്തിലാണ് നടപടി. മനു വണ്ണം കുറക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായും പിന്നീട് നിര്‍ത്തിയതായും മാതാപിതാക്കള്‍ മൊഴി നല്‍കി. എന്നാല്‍, പ്രമേഹം കൂടിയാണ് മരിച്ചതെന്നാണ് ആശുപത്രിയില്‍ നിന്നറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മരണത്തില്‍ എന്തെങ്കിലും സംശയുമുള്ളതായി ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ അന്വേഷണം സാധ്യമാകൂവെന്ന നിലപാടിലാണ്. അതിനിടെ, വണ്ണം കുറക്കാനുള്ള മരുന്ന് എന്ന പേരില്‍ മള്‍ട്ടിലെവല്‍ കമ്പനികളുടെ പോഷക മൂല്യങ്ങളടങ്ങിയ പൊടികള്‍ വിറ്റഴിക്കുന്നതിന് സംഘടിപ്പിക്കുന്ന ക്ളാസുകളിലും ബോധവത്കരണ സെമിനാറുകളിലും മരിച്ച മനുവിന്‍െറതടക്കം മരുന്ന് കഴിച്ച് വണ്ണം കുറഞ്ഞവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മരുന്ന് വില്‍ക്കുന്ന മൂന്ന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസിന് നല്‍കി. സംസ്ഥാന വ്യാപകമായി ഇവര്‍ക്ക് വന്‍ വിപണന ശൃംഖലയുണ്ട്. കട്ടപ്പന, കുന്തളംപാറ റോഡിലെ ഒരു സൊസൈറ്റി മുഖേന നിരവധിപേര്‍ക്ക് വണ്ണം കുറയാനുള്ള മരുന്ന് വിറ്റഴിച്ചതായും പറയുന്നു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ളാസുകളിലൂടെയാണ് ഇവരുടെ മരുന്ന് വില്‍പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.