കടുവയെ തിരയാന്‍ ധൈര്യമുണ്ടോ, പെരിയാര്‍ കടുവ സങ്കേതം വിളിക്കുന്നു

കുമളി: വന്യജീവികള്‍ നിറഞ്ഞ കാട്ടിനുള്ളില്‍ രാത്രിയും പകലും താമസിച്ച് കടുവയുടെ കാല്‍പ്പാടുകള്‍ തേടിപ്പോകാന്‍ ധൈര്യമുള്ളവര്‍ക്കായി വീണ്ടും ടൈഗര്‍ ട്രയല്‍ പരിപാടി വനംവകുപ്പ് ആരംഭിച്ചു. സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ വര്‍ഷങ്ങളായി പങ്കെടുത്തിരുന്ന പരിപാടി നിര്‍ത്തിയെന്ന പ്രചാരണങ്ങള്‍ക്ക് വിരാമമിട്ടാണ് ‘ടൈഗര്‍ ട്രയല്‍’ പുനരാരംഭിച്ചത്. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും താമസസൗകര്യം വിപുലപ്പെടുത്തുന്നതിനുമായി താല്‍ക്കാലികമായി നിര്‍ത്തിയതാണ് പരിപാടി. പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ നടന്നും മുളചങ്ങാടത്തിലുമായി എട്ടുകിലോമീറ്റര്‍ വനത്തിനുള്ളില്‍ എത്തിയാണ് ടൈഗര്‍ ട്രയല്‍ പരിപാടി ആരംഭിക്കുന്നത്. വിദേശ വിനോദസഞ്ചാരികളാണ് മുന്‍കൂട്ടി ബുക് ചെയ്ത് പരിപാടിയില്‍ പങ്കെടുക്കുക. കടുവയെ തേടിയുള്ള യാത്രക്കിടയില്‍ കടുവയെ നേരിട്ടുകാണാന്‍ പറ്റിയില്ളെങ്കിലും സഞ്ചാരികള്‍ നിരാശരാകാറില്ല. കടുവയുടെ കാല്‍പ്പാടുകളും കാഷ്ഠവും തുടങ്ങി കടുവയുടെ അലര്‍ച്ച വരെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒപ്പം കടുവയെ തേടിയുള്ള യാത്രക്കിടയില്‍ ആനയും പുലിയും കരടിയും ഉള്‍പ്പെടെ നിരവധി ജീവികളെ കാണാനാവുന്നതും സഞ്ചാരികളെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ടൈഗര്‍ ട്രയല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഒരു ദിവസത്തെ നിരക്ക് 5000 രൂപയാണ്. ഇത് രണ്ടുദിവസമായാല്‍ 7000 രൂപയും. പരിചയസമ്പന്നരായ വാച്ചര്‍മാര്‍, ആയുധമേന്തിയ വനപാലകന്‍ എന്നിവരുടെ സഹായത്തോടെയാണ് കടുവയെ തേടി രാത്രിയും പകലുമുള്ള സഞ്ചാരം. ഉള്‍വനത്തില്‍ നടക്കുന്ന പരിപാടിയായതിനാല്‍ കര്‍ശന നിയന്ത്രണത്തോടെയാണ് ടൈഗര്‍ ട്രയല്‍ നടക്കുന്നത്. കടുവകളുടെയും മറ്റ് ജീവികളുടെയും സൈ്വര്യ വിഹാരത്തിന് തടസ്സം നേരിടാതിരിക്കാന്‍ വര്‍ഷത്തില്‍ വളരെക്കുറച്ച് ദിവസങ്ങളില്‍ മാത്രമെ ടൈഗര്‍ ട്രയല്‍ നടക്കൂ. പരിപാടിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ ഏജന്‍റുമാരെ പൂര്‍ണമായി ഒഴിവാക്കാനും വിനോദസഞ്ചാരികള്‍ക്ക് നേരിട്ട് പരിപാടി ബുക്ചെയ്യാനും വനംവകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.