ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍

കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന സംഘം പൊലീസ് പിടിയില്‍. നട്ടാശേരി പൂത്തെട്ടുഭാഗത്ത് ഇടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിന്‍െറ അന്വേഷണത്തിലാണ് തൊടുപുഴ കരിങ്കുന്നം തെക്കേടത്തില്‍ വീട്ടില്‍ സുര എന്ന സുരേഷ് (43), കുടമാളൂര്‍ കൊപ്രയില്‍ ജയിംസ് (41) എന്നിവരാണ് പിടിയിലായത്. കോട്ടയം ഡിവൈ.എസ്.പി ബിജു കെ.സ്റ്റീഫന് കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കോട്ടയം ഈസ്റ്റ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസ്, ഗാന്ധിനഗര്‍ എസ്.ഐ എ.സി. മനോജ് കുമാര്‍, കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്ത്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ എസ്. അജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.എസ്. ഷിബുക്കുട്ടന്‍, സജികുമാര്‍, ബിജുമോന്‍ നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സുരേഷ് ഇതിനുമുമ്പും നിരവധി ക്ഷേത്ര മോഷണക്കേസുകളിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും നഗരസഭ പാര്‍ക്കിലെ 18ലക്ഷം രൂപ വിലവരുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍െറ ചെമ്പ് മോഷ്ടിച്ച കേസിലും മറ്റ് നിരവധി മോഷണം, പിടിച്ചുപറി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജയിംസും നിരവധി പോക്കറ്റടി കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയാണ്. ആലുവയില്‍ മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചശേഷം മാര്‍ച്ച് 22നാണ് പ്രതികള്‍ ജയില്‍മോചിതരായത്. ചോദ്യംചെയ്യലില്‍ ഇടത്തില്‍ ഭഗവതിക്ഷേത്രത്തില്‍ മോഷണം നടത്തിയ അന്നുതന്നെ നാഗമ്പടം പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇതേസംഘമാണെന്ന് വെളിവായിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.