വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കലക്ടര്‍ പരിശോധന തുടങ്ങി

കോട്ടയം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോളിങ് സ്റ്റേഷനുകളിലും കലക്ടര്‍ ഭണ്ഡാരി സ്വാഗത് പരിശോധന തുടങ്ങി. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത പോളിങ് ബൂത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളുമാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തിയ കലക്ടര്‍ പോളിങ് ബൂത്തുകളിലെ റാമ്പുകളുടെ നിര്‍മാണത്തില്‍ അവശേഷിക്കുന്നവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡില്‍നിന്ന് പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് നേരിട്ട് പടവുകളുള്ളയിടങ്ങള്‍ കലക്ടര്‍ പരിശോധിച്ചു. ഇത്തരം സ്ഥലങ്ങളില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിന് നാഷനല്‍ സര്‍വിസ് സ്കീം, എന്‍.എസ്.എസ് (സീനിയര്‍) വളന്‍റിയര്‍മാരെ പ്രത്യേകം നിയോഗിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മോഡല്‍ പോളിങ് സ്റ്റേഷനുകള്‍, പ്രശ്നബാധിത പോളിങ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ക്രമീകരണവും അടിസ്ഥാന സൗകര്യവും വിലയിരുത്തി. ഏറ്റുമാനൂരില്‍ അമലഗിരി ബി.കെ കോളജ്, കുമരകം ശ്രീകുമാരമംഗലം എച്ച്.എസ്.എസ്, കുമരകം ഗവ. എച്ച്.എസ്.എസ്, കിളിരൂര്‍ എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സെന്‍റ് മേരീസ് ഹൈസ്കൂള്‍, സെന്‍റ് മേരീസ് യു.പി സ്കൂള്‍, കൂത്രപ്പള്ളി സെന്‍റ് മേരീസ് യു.പി സ്കൂള്‍, മണിമല ലിറ്റില്‍ ഫ്ളവര്‍ എല്‍.പി സ്കൂള്‍, പൊന്‍കുന്നം വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് സ്റ്റേഷനുകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം), കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹൈസ്കൂള്‍ (പൂഞ്ഞാര്‍ നിയോജക മണ്ഡലം) എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളുമാണ് പരിശോധിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജോര്‍ജിയന്‍ പബ്ളിക് സ്കൂള്‍, മണര്‍കാട് ഗവ. യു.പി.എസ്, മീനടം പഞ്ചായത്ത് ഓഫിസ്, മീനടം വൈ.എം.എ ലൈബ്രറി, തിരുവഞ്ചൂര്‍ എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്തുകളും എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും കലക്ടര്‍ പരിശോധിച്ചു. ബുധനാഴ്ച കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ ക്രമീകരണം പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.